India - 2025

പാലാ രൂപത പ്ലാറ്റിനം ജൂബിലി: ഉദ്ഘാടനം ജൂലൈ 26ന്

പ്രവാചകശബ്ദം 24-06-2024 - Monday

ഭരണങ്ങാനം: പ്ലാറ്റിനം ജൂബിലി വർഷത്തിലേക്ക് കടക്കുന്ന പാലാ രൂപതയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷത്തിനു ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് തുടക്കമാകും. ജൂലൈ 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് സീറോ മലബർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയും ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എന്നിവർക്കൊപ്പം രൂപതയിലെ എല്ലാ വൈദികരും വിശുദ്ധ കുർബാനയിൽ സഹകാർമികരാകും.

ചങ്ങനാശേരി രൂപത വിഭജിച്ച്, 1950 ജൂലൈ 25ന് പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് പാലാ രൂപത സ്‌ഥാപിച്ചത്. 74 വർഷങ്ങൾക്കിപ്പുറം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയിൽ മൂന്നര ലക്ഷത്തോളം വിശ്വാസികളുണ്ട്. 480 വൈദികരാണ് രൂപതയിൽ സേവനം ചെയ്യുന്നത്. വിവിധ രൂപതകളിലായി 29 ബിഷപ്പുമാർക്ക് ജന്മം നൽകാൻ രൂപതയ്ക്ക് കഴിഞ്ഞു. രണ്ടായിരത്തോളം വൈദികരും പതിനായിരത്തോളം കന്യാസ്ത്രീകളും കേരളത്തിനകത്തും പുറത്തും വിദേശത്തുമായി സേവനം ചെയ്യുന്നു. 1,166 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള രൂപത വൈദികരുടെയും സന്യസ്തരുടെയും എണ്ണത്തിൽ ഏറ്റവും മുന്നിലാണ്.


Related Articles »