India - 2025
കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുരസ്‌കാര സമർപ്പണം
പ്രവാചകശബ്ദം 25-06-2024 - Tuesday
കോട്ടയം: കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നൽകപ്പെടുന്ന 18-ാമത് ജോൺപോൾ പാപ്പ പുരസ്‌കാര സമർപ്പണവും അനുസ്മരണസമ്മേളനവും മാമ്മൻ മാപ്പിള ഹാളിൽ നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കതോലിക്ക ബാവാ അധ്യക്ഷത വഹിച്ചു. മതങ്ങളും സഭകളും തമ്മിൽ സാഹോദര്യം പുലർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാതോലിക്ക ബാവ പറഞ്ഞു.
ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, പുതുക്കാട് പ്രജ്യോതി നികേതൻ കോളജ് സ്ഥാപക ഡയറക്ടർ റവ.ഡോ. ഹർഷജൻ പഴയാറ്റിൽ, കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സർജിക്കൽ ഓങ്കോളജിയിലെ സീനിയർ കൺസൾട്ടന്‍റ് ഡോ. ജോജോ വി. ജോസഫ്, കോട്ടയം പൂവന്തുരുത്ത് തിരുഹൃദയ കോളജ് ഓഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ആലിസ് മണിയങ്ങാട്ട്, കാരിത്താസ് ആശുപത്രിയിലെ സീനിയർ ഇന്‍റര്‍നാഷ്ണല്‍ കാർഡിയോളജിസ്റ്റ് ഡോ. ദീപക് ഡേവിഡ്‌സൺ എന്നിവർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
നിർമിതബുദ്ധി ഉപയോഗിക്കുമ്പോൾ മനുഷ്യസമൂഹത്തിനുണ്ടാകുന്ന ദോഷങ്ങൾ പരിഹരിക്കാൻ ശ്രദ്ധ വേണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജോൺ പോൾ പാപ്പയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നത് ജീവിതത്തിലെ നിർണായക നിമിഷമെന്നു പറഞ്ഞ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള കേരളത്തിൽ എല്ലാ കാര്യത്തിലും വിദ്വേഷത്തിനൻ്റെ വിളവെടുപ്പാണ് നടക്കുന്നതെന്നും വൈകാരികത ആളിക്കത്തിക്കാതെ മാനവികതയ്ക്ക് മുൻതൂക്കം നൽകണമെന്നും മറുപടി പ്രസംഗത്തിൽ പറഞ്ഞു.
കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ റവ. ഡോ. മാണി പുതിയിടം, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് പി.പി. ജോസഫ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.