News

മനുഷ്യാവകാശ ലംഘനത്തിന്റെ ഇര ഫാ. സ്റ്റാന്‍ സ്വാമി വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം

പ്രവാചകശബ്ദം 05-07-2024 - Friday

മുംബൈ: വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നീണ്ട ഒരു വര്‍ഷം ഭരണകൂടം വേട്ടയാടിയ ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമി മരണപ്പെട്ടിട്ടു ഇന്നേക്ക് മൂന്നു വര്‍ഷം. ​2021 ജൂലൈ 5നു മുംബൈ ഹോ​ളി​ഫാ​മി​ലി ആശുപത്രിയിലായിരിന്നു നീതി ലഭിക്കാതെ അദ്ദേഹം വിടവാങ്ങിയത്. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയായിരിന്നു. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു.

എന്നാല്‍ ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 2021 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍നിന്നു അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് അദ്ദേഹം ഇരയായിരിന്നു.

പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത എന്‍‌ഐ‌എ കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനേയും, ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേയും വകവെക്കാതെ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ 2021 മാര്‍ച്ച് 22നു എന്‍.ഐ.എ കോടതി തള്ളിക്കളഞ്ഞു.

നാഡിവ്യൂഹത്തെ ബാധിക്കുന്ന പാർക്കിസണ്‍സ് രോഗബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലിൽ വെച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന്​ പരാതി ഉയർന്നിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതി ഇടപ്പെട്ടാണ് ഹോ​ളി​ഫാ​മി​ലി ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയത്. വൈദികന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജൂലൈ 4നു വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. പിറ്റേദിവസം 2021 ജൂലൈ 5നു നീതിപീഠത്തിന്റേയും ഭരണകൂടത്തിന്റേയും ദയക്ക് കാത്തു നില്‍ക്കാതെ ആ മനുഷ്യസ്നേഹി മരണപ്പെട്ടു. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെ തുടര്‍ന്ന്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

Tag: Fr Stan Swamy death anniversary, Stan Swamy Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »