India - 2025

ഭരണങ്ങാനം അൽഫോൻസാ ദേവാലയത്തിൽ നവീകരിച്ച മദ്ബഹ കൂദാശ ചെയ്തു

പ്രവാചകശബ്ദം 12-07-2024 - Friday

പാലാ: ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ ദേവാലയത്തിൽ നവീകരിച്ച മദ്ബഹയുടെ കൂദാശകർമം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ബിഷപ് എമെരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ സഹകാർമികനായി. വികാരി ജനറാൾമാരായ മോൺ. ജോസഫ് തടത്തിൽ, മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. ജോസഫ് മലേപറമ്പിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവരും നിരവധി വൈദികരും കൂദാശാകർമത്തിൽ പങ്കെടുത്തു. നാനാഭാഗങ്ങളിൽ നിന്നു എത്തിയ നൂറുകണക്കിന് സമർപ്പിതരും വിശ്വാസികളും തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായി.

അൾത്താര, ആരാധനയും പ്രാർഥനയും കൃതജ്ഞതയുംകൊണ്ടു നിറയുന്ന പുണ്യ സ്ഥലമാണെന്ന് മാർ കല്ലറങ്ങാട്ട് പറഞ്ഞു. അൽഫോൻസാമ്മയ്ക്ക് ഭരണങ്ങാനവും പാലാ രൂപതയും നൽകുന്ന ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നാണ് നവീകരിച്ച അൾത്താര. പാലാ രൂപതയുടെയും സഭയുടെയും വലിയൊരു നിധിയാണ് അല്‍ഫോൻസാമ്മ ലോകാവസാനം വരെ ഈ പുണ്യകുടീരം ഭരണങ്ങാനത്തുണ്ട്. അൽഫോൻസാമ്മയുടെ കബറിടത്തിൽ എത്തുന്നവർ സ്വന്തം ജീവിതം നവീകരി ക്കുന്നതിന് പുനർസൃഷ്ടി നടത്തുന്നതിന് തയാറാകണമെന്നും ബിഷപ്പ് പറഞ്ഞു.

തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ അഡ്മ‌ിനിസ്ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, ഫാ. ആൻ്റണി തോണക്കര, ഭരണങ്ങാനം ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Related Articles »