News

കഴിഞ്ഞ വര്‍ഷം ഗ്വാഡലൂപ്പയില്‍ തീര്‍ത്ഥാടനം; ഇന്ന് വിംബിൾഡൺ ചാമ്പ്യൻ, കാർലോസ് അൽകാരാസ് ചര്‍ച്ചയാകുമ്പോള്‍

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 15-07-2024 - Monday

ലണ്ടനിൽ നടന്ന വിംബിൾഡൺ ടെന്നീസ് പുരുഷവിഭാഗം ഫൈനൽ ജേതാവായ കാർലോസ് അൽകാരാസിന്റെ മരിയ ഭക്തി ചര്‍ച്ചയാകുന്നു. ഇന്നലെ ജൂലൈ 14 ലണ്ടനിൽ നടന്ന വിംബിൾഡൺ ടെന്നീസ് ഫൈനലില്‍ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ചാണ് ഇരുപത്തിയൊന്നുകാരനായ കാർലോസ് അൽകാരാസ് തന്റെ കരിയറിലെ രണ്ടാമത്തേ വിംബിൾഡൺ കിരീടം ചൂടിയത്.

ഉത്തമ കത്തോലിക്കാ വിശ്വാസിയായ കാർലോസ് കഴിഞ്ഞ വര്‍ഷം ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തെ തുടർന്ന് ലോക പ്രശസ്തമായ മെക്സിക്കൻ മരിയൻ തീർത്ഥാടന കേന്ദ്രമായ ഗ്വാഡലൂപ്പ സന്ദർശിക്കുകയും നവംബർ അവസാനം ഈ സന്ദർശനത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തിരിന്നു. നാല് ഫോട്ടോകളാണ് കാർലോസ് അന്ന് പങ്കുവെച്ചത്. ഫോട്ടോകളിലൊന്നിൽ, കൈയിൽ റോസാപ്പൂവുമായി ദേവാലയത്തിന്റെ പ്രവേശന കവാടത്തിൽ നിൽക്കുന്ന താരത്തിനെയാണ് ദൃശ്യമായിരിന്നത്. മറ്റൊരു ചിത്രത്തിൽ ഗ്വാഡലൂപ്പ മാതാവിന്റെ അത്ഭുത ചിത്രത്തിന് മുന്നിൽ നിൽക്കുന്ന ടെന്നീസ് താരത്തെ കാണാം.

2022ലെ യുഎസ് ഓപ്പണിലെ വിജയത്തോടെ കാർലോസ് അൽകാരാസ് ലോക റാങ്കിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം സ്ഥാനക്കാരനായി. 2023 ലെ വിംബിൾഡണിലും 2024 ലെ ഫ്രഞ്ച് ഓപ്പണിലും ടൂർണമെൻ്റ് വിജയങ്ങളോടെ, മൂന്ന് പ്രതലങ്ങളിലും ഒരു ഗ്രാൻഡ് സ്ലാം ടൂർണമെൻ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി കാർലോസ് മാറി. ഒരേ വർഷം ഒന്നിലധികം ഗ്രാൻഡ്‌സ്ലാം കിരീടങ്ങൾ നേടുന്നത് ഇതാദ്യമായാണ്. വിജയത്തിന്റെ സോപാനങ്ങൾ ചവിട്ടിക്കയറുമ്പോഴും ദൈവത്തെ മറക്കാത്ത കായികതാരങ്ങൾ നമുക്കും പ്രചോദനമാകട്ടെ.


Related Articles »