News - 2024

ദൈവവിളികൾക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കണം: ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 16-07-2024 - Tuesday

വത്തിക്കാന്‍ സിറ്റി: ദൈവവിളികൾക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാൻസിസ് പാപ്പ. ഇന്നലെ ജൂലൈ പതിനഞ്ചാം തീയതി തിങ്കളാഴ്ച വിവിധ സഭാസമൂഹങ്ങൾക്ക് നൽകിയ കൂടിക്കാഴ്‌ചാവേളയിലാണ്, ഫ്രാന്‍സിസ് പാപ്പ ദൈവവിളിയുടെ പ്രാധാന്യത്തെ എടുത്തു പറയുകയും, ദൈവവവിളികൾ വർദ്ധിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തത്. ക്രിസ്തുവിന്റെ സൗന്ദര്യം ലോകത്തിൽ പ്രകാശിപ്പിക്കുന്നതിനു വേണ്ടി, പരിശുദ്ധാത്മാവിനാൽ നിയോഗിക്കപ്പെടുന്ന സന്യസ്തരുടെ ജീവിതത്തെ ഓർമ്മപ്പെടുത്തി കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

ആമുഖത്തിൽ, ഓരോ സഭയിലും ഇപ്പോൾ ഉള്ള ദൈവവിളികളുടെ എണ്ണത്തെപ്പറ്റി ഫ്രാൻസിസ് പാപ്പാ ചോദിച്ചു. ദൈവവിളികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ഗണ്യമായ കുറവിനെ പാപ്പ എടുത്തുകാണിച്ചു. ഇന്ന് ഓരോ സന്യാസസമൂഹങ്ങളിലും, വ്യക്തികളുടെ പൗരത്വം കൂടുതലായി ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നാണെന്നു പറഞ്ഞപ്പോൾ, സഭയുടെ ഭാവി ഈ സ്ഥലങ്ങളിലായിരിക്കുമെന്നും പാപ്പ അടിവരയിട്ടു പറഞ്ഞു. വ്യത്യസ്ത സാഹചര്യങ്ങളിലും, കാലങ്ങളിലും സന്യസ്ത സഹോദരങ്ങൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ, ദൈവീകമുഖത്തിന്റെ കൃപാപ്രകാശത്തിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്ന അനുഭവങ്ങളാണെന്നും പാപ്പ അനുസ്മരിച്ചു.

ഈ സൗന്ദര്യത്തിന്റെ സവിശേഷതകൾ ഗ്രഹിക്കാനും, കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത രീതികളിൽ പ്രതികരിക്കാനും പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ സന്യാസ സമൂഹങ്ങളുടെ സ്ഥാപകർക്ക് സാധിച്ചുവെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു. ചരിത്രത്തിൽ, ഇവർ കണ്ടെത്തിയ ക്രിസ്തുവിന്റെ സൗന്ദര്യം തേടുകയും വിതയ്ക്കുകയും ചെയ്യുക എന്നതാണ് ഓരോ സന്യാസിയുടെയും കടമായെന്നും പാപ്പ സന്ദേശത്തില്‍ ഓർമ്മിപ്പിച്ചിരിന്നു.


Related Articles »