News - 2024

കോട്ടപ്പുറം രൂപതാംഗമായ സിസ്റ്റർ ടെസി ഇറ്റലി ആസ്ഥാനമായ സന്യാസ സമൂഹത്തിന്റെ പുതിയ മദർ ജനറല്‍

പ്രവാചകശബ്ദം 23-07-2024 - Tuesday

കൊടുങ്ങല്ലൂർ: ഇറ്റലി ആസ്ഥാനമായ കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ മദർ ജനറലായി കോട്ടപ്പുറം രൂപതാംഗമായ സിസ്റ്റർ ടെസി വാഴക്കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ കസോറിയയിൽ നടന്ന ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. കാര മൗണ്ട് കാർമൽ ഇടവക പരേതരായ വാഴക്കൂട്ടത്തിൽ തോമസ്-അമ്മിണി ദമ്പതികളുടെ മകളാണ്.

1975 മാർച്ച് 20നാണ് സിസ്റ്റർ ടെസിയുടെ ജനനം. 1993 ഏപ്രിൽ 7-ന് കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസ സമൂഹത്തില്‍ പ്രവേശിച്ചു. 1998 ഓഗസ്റ്റ് 6-ന് പ്രഥമ വ്രതവാഗ്ദാനവും 2007 ജൂൺ 17നു നിത്യവ്രത വാഗ്ദാനവും നടത്തി. കോട്ടപ്പുറം രൂപതയുടെ മതബോധന ഓഫീസിൽ സേവനമനുഷ്ഠിച്ചു. ക്രോട്ടോൺ-സാന്താ സെവേരിന രൂപതയിൽ കൂരിയ നോട്ടറിയായും ചാൻസലറുമായി സിസ്റ്റര്‍ സേവനം ചെയ്തു വരികയായിരിന്നു.

1905ൽ ഇറ്റലിയിലെ നേപ്പിൾസിൽ വിശുദ്ധ ജൂലിയ സൽസാനൊ സ്ഥാപിച്ച കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്‌സ് സന്യാസ സമൂഹം ഇറ്റലി, പെറു, ബ്രസീൽ, ഇന്തോനേഷ്യ, കാനഡ, കൊളംബിയ, ഫിലിപ്പീൻസ്, എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. വടക്കൻ പറവൂരിലും കണ്ണൂരിലുമായി രണ്ട് സന്യാസഭവനങ്ങൾ സമൂഹത്തിനുണ്ട്.


Related Articles »