News
ദുരന്തബാധിതർക്ക് ഹ്രസ്വകാല - ദീര്‍ഘകാല പദ്ധതികളുമായി മാനന്തവാടി രൂപത
പ്രവാചകശബ്ദം 31-07-2024 - Wednesday
മാനന്തവാടി: മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം, വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലവും പരിക്കേറ്റവരെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു. ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമുള്ളവരെ ആശ്വസിപ്പിച്ച മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ അവര്‍ക്കു വേണ്ടി രൂപതക്ക് ചെയ്യാവുന്ന എല്ലാക്കാര്യങ്ങളും ചെയ്യുന്നതാണെന്ന് അറിയിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും രൂപതയുടെ പ്രതിനിധിസംഘം സന്ദര്‍ശിച്ചു.
തുടര്‍ന്ന് മാനന്തവാടി പാസ്റ്ററല്‍ സെന്ററില്‍ നടന്ന രൂപതാപ്രതിനിധികളുടെ യോഗം ദുരന്തബാധിതമേഖലയിലും ബാധിതരായ കുടുംബങ്ങള്‍ക്കും വേണ്ടി എന്താണ് ചെയ്യാനാവുക എന്ന് ആലോചന നടത്തി പദ്ധതികള്‍ രൂപീകരിച്ചു.
1. ഹോസ്പറ്റലിൽ അഡ്മിറ്റായവരും ഒറ്റപ്പെട്ടു പോയവരുമായ ആളുകളെ പരിചരിക്കാൻ ബൈസ്റ്റാൻഡേഴ്സിനെ തയ്യാറാക്കിയിട്ടുണ്ട്.
2. ക്യാമ്പുകളിലും ക്ലിനിക്കുകളിലും ആവശ്യമെങ്കില്‍ നഴ്സിംഗ് കെയറിന് ആവശ്യമായ വൈദഗ്ദ്യമുള്ളവരെ വിട്ടു നല്കാന്‍ തയ്യാറാണ്.
3. ദുരന്തബാധിതരുടെ മാനസികാരോഗ്യത്തെ മുന്‍നിര്‍ത്തി മനശാസ്ത്രപരമായ കൗൺസിലിംഗ് നല്കുന്നതിനുള്ള ടീം രൂപതയുടെ നേതൃത്വത്തില്‍ സജ്ജമാണ്. ഇവരുടെ സേവനം അവശ്യമായവർക്ക് നല്കും.
4. വസ്ത്രം, ഭക്ഷണം, മുതലായവയ്ക്ക് കുറവുണ്ടങ്കിൽ പരിഹരിക്കാനും ലഭ്യമാകാത്തവരിലേക്ക് എത്തിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.
5. ഗൗരവതരമായ ചികിത്സ ആവശ്യമുള്ളവരില്‍ ഏതാനും പേരുടെ ചികിത്സ രൂപത ഏറ്റെടുക്കുന്നതാണ്.
6. പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ ആവശ്യമായി വരുന്ന കാര്യങ്ങളിൽ പങ്കാളിയാകാനും മാനന്തവാടി രൂപത സജ്ജമാണ്.
അടിയന്തിരമായും ദീര്‍ഘകാലാടിസ്ഥാനത്തിലും ദുരന്തബാധിത മേഖലക്കും കുടുംബങ്ങള്‍ക്കും വേണ്ടി ഇക്കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സന്നദ്ധമാണന്ന് മാനന്തവാടി രൂപതാ നേതൃത്വം വയനാട് ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട്. ഈ പദ്ധതികളുടെ മേല്നോട്ടത്തിനായി 20 പേരുടെ ഒരു കമ്മറ്റിയെ രൂപതാ തലത്തില്‍ ഇന്ന് തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ടെന്നും മാനന്തവാടി രൂപത പ്രസ്താവനയില്‍ അറിയിച്ചു.