News - 2025

വേളാങ്കണി തീര്‍ത്ഥാടന കേന്ദ്രം നിരവധി ആത്മീയ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന ഇടം: വത്തിക്കാന്‍ വിശ്വാസ കാര്യാലയം

പ്രവാചകശബ്ദം 08-08-2024 - Thursday

വത്തിക്കാന്‍ സിറ്റി: ആഗോള പ്രസിദ്ധമായ വേളാങ്കണി തീര്‍ത്ഥാടന കേന്ദ്രത്തിന് തിരുനാള്‍ ആശംസകളുമായി വത്തിക്കാന്‍ വിശ്വാസ കാര്യാലയം. വിശ്വാസത്താൽ ഇവിടെ യാത്ര ചെയ്യുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരും ഈ ദേവാലയത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന നിരവധി ആത്മീയ ഫലങ്ങളും വേളാങ്കണിയെ പരിശുദ്ധാത്മാവിൻ്റെ നിരന്തരമായ പ്രവർത്തനത്തെ തിരിച്ചറിയാൻ നമ്മെ പ്രേരിപ്പിക്കുകയാണെന്ന് വത്തിക്കാന്‍ വിശ്വാസ കാര്യാലയത്തിന്റെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് വിക്ടർ മാനുവൽ ഫെർണാണ്ടസ്, വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന തഞ്ചാവൂർ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് സഗയരാജ് തമ്പുരാജിന് അയച്ച കത്തില്‍ പറഞ്ഞു.

സാന്ത്വനം തേടി തീര്‍ത്ഥാടന കേന്ദ്രത്തില്‍ വരുന്ന അക്രൈസ്തവരായ പല തീർത്ഥാടകരിലും സമാനമായ അനുഭവങ്ങൾ പ്രതിധ്വനിക്കുന്നു. അവരിൽ ചിലർ രോഗങ്ങളിൽ നിന്ന് സുഖം പ്രാപിക്കുന്നു. പലരും സമാധാനവും പ്രത്യാശയും കണ്ടെത്തുന്നു. പരിശുദ്ധാത്മാവ് അവരിൽ പ്രവർത്തിക്കുന്നു. മറിയത്തിൻ്റെ മധ്യസ്ഥതയാൽ മാറ്റങ്ങള്‍ ഉണ്ടാകുന്നു. എല്ലാവരേയും സ്വാഗതം ചെയ്യുകയും കർത്താവിൻ്റെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന മറിയത്തിൻ്റെ സാമീപ്യം പ്രകടമാകുന്ന സ്ഥലമാണ് ഈ സങ്കേതം. കത്തോലിക്കാ സഭയുടെ കൂദാശകൾ സ്വീകരിക്കാൻ കഴിയാത്തവർക്കും ഈശോയുടെ മാതാവിൻ്റെ ആശ്വാസം തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിഷേധിക്കപ്പെടുന്നില്ലായെന്നും ആർച്ച് ബിഷപ്പ് കുറിച്ചു.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയോടൊപ്പം ഈ വിശ്വാസ സ്ഥലത്തിൻ്റെ ആത്മീയ സൗന്ദര്യം ഞാൻ അനുസ്മരിക്കുന്നു. വിശ്വാസികളായ തീർത്ഥാടകരുടെ ജനകീയ ഭക്തിയെക്കുറിച്ച് പരിശുദ്ധ പിതാവ് വളരെയധികം ശ്രദ്ധിക്കുന്നു. തീര്‍ത്ഥാടകര്‍ മറിയത്തിൻ്റെ കരങ്ങളിൽ യേശുവിനെ അന്വേഷിക്കുകയും തങ്ങളുടെ വേദനയും പ്രത്യാശയും അമ്മയുടെ ഹൃദയത്തിൽ ഭരമേൽപ്പിക്കുകയും ചെയ്യുമ്പോള്‍ സഭയുടെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താൽ, ഈ വിശ്വാസ കേന്ദ്രത്തോട് തനിക്ക് തോന്നുന്ന മഹത്തായ വിലമതിപ്പിനെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ ഫ്രാൻസിസ് പാപ്പ എന്നോട് ആവശ്യപ്പെട്ടു. സെപ്തംബറില്‍ നടക്കുന്ന തിരുനാള്‍ ആഘോഷങ്ങൾക്കുള്ള ഒരുക്കമായി, എല്ലാ തീർത്ഥാടകർക്കും പാപ്പ തൻ്റെആശീര്‍വാദം നല്‍കുകയാണെന്ന വാക്കുകളോടെയാണ് സന്ദേശം സമാപിക്കുന്നത്.


Related Articles »