News - 2024
23 വൈദികര്‍ കൂടി അഭിഷിക്തരായി; നൈജീരിയയിലെ എൻസുക്ക രൂപതയിലെ വൈദികരുടെ എണ്ണം 400 പിന്നിട്ടു
പ്രവാചകശബ്ദം 15-08-2024 - Thursday
എൻസുക്ക (നൈജീരിയ): ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ സമര്‍പ്പിത ദൈവവിളിയ്ക്കു പ്രത്യുത്തരം നല്‍കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. ഓഗസ്റ്റ് 10 ശനിയാഴ്ച 23 ഡീക്കന്‍മാര്‍ തിരുപ്പട്ടം സ്വീകരിച്ച് വൈദികരായതോടെ നൈജീരിയയിലെ എൻസുക്ക രൂപതയിൽ സേവനം ചെയ്യുന്ന കത്തോലിക്ക വൈദികരുടെ എണ്ണം 400 കവിഞ്ഞു. എൻസുക്കയിലെ ബിഷപ്പ്, ഗോഡ്ഫ്രെ ഇഗ്വെബ്യൂക്ക് ഓനാ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികനായി. രൂപതയിൽ വൈദികരുടെ എണ്ണം വർദ്ധിക്കുന്നതിലുള്ള നന്ദിയും സന്തോഷവും ബിഷപ്പ് സന്ദേശത്തില്‍ പ്രകടിപ്പിച്ചു.
ഇന്നത്തെ സ്ഥാനാരോഹണത്തോടെ, ഞങ്ങൾ ഇപ്പോൾ ഈ രൂപതയിൽ 417 വൈദികരായി ഉയര്‍ന്നിരിക്കുകയാണെന്ന് സെൻ്റ് തെരേസാസ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്കിടെ ബിഷപ്പ് പറഞ്ഞു. വൈദികരെന്ന നിലയിൽ, നിങ്ങൾ എവിടേക്കാണ് പോകുന്നതെന്നും എന്തുചെയ്യുന്നുവെന്നും നിങ്ങൾ സ്വയം വിവേചിച്ചറിയണം. നിങ്ങൾ അമൂല്യമായ നിധി വഹിക്കുന്ന കളിമൺ പാത്രങ്ങളാണെന്ന് ഓർക്കണം, അത് ശ്രദ്ധാപൂർവ്വം സംരക്ഷിക്കണം. വൈദികർ തങ്ങളുടെ ശുശ്രൂഷയിൽ മാത്രമല്ല, അവരുടെ പെരുമാറ്റത്തിൻ്റെ എല്ലാ വശങ്ങളിലും അവരുടെ വിശുദ്ധമായ വിളി പ്രതിഫലിപ്പിക്കണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു.
ജനങ്ങൾക്കും ദൈവത്തിനും ഇടയിൽ നിൽക്കാനും സഭയെ പ്രതിനിധീകരിച്ച് പ്രാർത്ഥനകൾ അർപ്പിക്കാനും ദൈവ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും വൈദികര്‍ വിളിക്കപ്പെട്ടിരിക്കുന്നു. വൈദികർക്ക് ആക്ടിവിസ്റ്റുകളാകാനുള്ള പ്രലോഭനം വളരെ വലുതാണെങ്കിലും, അവരുടെ യഥാർത്ഥ ദൗത്യം പ്രാർത്ഥനയിൽ മുഴുകി, വിശ്വാസികളെ വിശുദ്ധിയിൽ നയിക്കുക എന്നതാണെന്നും ബിഷപ്പ് സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. 1990-ലാണ് എന്‍സുക്ക രൂപത സ്ഥാപിതമായത്. 2021-ലെ കണക്കുകള്‍ പ്രകാരം 11,22,115 വിശ്വാസികളാണ് രൂപതയിലുള്ളത്.