News

യൂറോപ്പിലെ ക്രൈസ്തവ വിരുദ്ധ പീഡനത്തിൽ ഭയാനകമായ വർദ്ധനവ്; നടപടി വേണമെന്ന് ഒഐഡിഎസി യൂറോപ്പ്

പ്രവാചകശബ്ദം 23-08-2024 - Friday

വിയന്ന: യൂറോപ്പിലെ ഗുരുതരമായി തുടരുന്ന ക്രൈസ്തവ വിരുദ്ധ അക്രമങ്ങളില്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്' (ഒ.ഐ.ഡി.എ.സി യൂറോപ്പ്) സംഘടന. മതത്തെയോ വിശ്വാസത്തെയോ അടിസ്ഥാനമാക്കിയുള്ള അക്രമത്തിൻ്റെ ഇരകൾക്കായുള്ള അന്താരാഷ്ട്ര അനുസ്മരണ ദിനമായ ഇന്നലെ ആഗസ്റ്റ് 22നാണ് ക്രൈസ്തവരുടെ സംരക്ഷണം ആവശ്യപ്പെട്ട് സംഘടന രംഗത്തുവന്നിരിക്കുന്നത്.

2024-ന്റെ ആരംഭം മുതൽ ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമ്മനി, ഓസ്ട്രിയ, പോളണ്ട്, സെർബിയ എന്നിവിടങ്ങളിൽ ക്രൈസ്തവര്‍ക്ക് നേരെ ഇരുപത്തിയഞ്ചില്‍ അധികം അക്രമങ്ങൾ, ഭീഷണികൾ, കൊലപാതകശ്രമങ്ങൾ എന്നിവ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളുടെ 749 കേസുകളിൽ ഭൂരിഭാഗവും നശീകരണ പ്രവർത്തനങ്ങളോ തീപിടുത്തമോ ആണെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും യൂറോപ്പിലുടനീളമുള്ള രാജ്യങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ വർദ്ധിച്ചുവരുന്ന ഭീഷണികൾ ഭയാനകമാണെന്നും അത് അവഗണിക്കരുതെന്നും സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അഞ്ജ ഹോഫ്മാൻ പറഞ്ഞു.

ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജാവേദ് നൂറിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഒരാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ബ്രിട്ടീഷ് കോടതിയുടെ ഉദാഹരണം സംഘടന ചൂണ്ടിക്കാട്ടി. അലിദ് നൂറിയെ മരിക്കാൻ അർഹനായ ഒരാളായാണ് അക്രമികള്‍ കണക്കാക്കിയത്. മതപരിവർത്തനത്തിനുള്ള അവകാശം മതസ്വാതന്ത്ര്യത്തിൻ്റെ അനിവാര്യ ഘടകമാണ്. മുസ്ലീം പശ്ചാത്തലത്തില്‍ നിന്നു ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നവരെ സംരക്ഷിക്കാൻ യൂറോപ്യൻ ഗവൺമെൻ്റുകൾ അവരുടെ കഴിവിൻ്റെ പരമാവധി പ്രവര്‍ത്തിക്കണമെന്നും 'ഒ.ഐ.ഡി.എ.സി യൂറോപ്പ്' ആവശ്യപ്പെട്ടു.

ആഗസ്ത് 22-ലെ പത്രക്കുറിപ്പിൽ, ക്രൈസ്തവര്‍ക്കും മറ്റ് മതവിശ്വാസികൾക്കും എതിരായ അക്രമങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നതിൽ ജർമ്മൻ ബിഷപ്പ്സ് കോൺഫറൻസ് ആശങ്ക രേഖപ്പെടുത്തി. മതപരമായ അക്രമങ്ങൾ വർദ്ധിക്കുന്നത് തടയാൻ സർക്കാരുകളും മതസമൂഹങ്ങളും കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്ന് ജർമ്മനിയിലെ ഓഗ്‌സ്ബർഗിലെ ബിഷപ്പ് ബെർട്രാം മെയർ പറഞ്ഞു. 2019-ലാണ് മതത്തെയോ വിശ്വാസത്തെയോ അടിസ്ഥാനമാക്കിയുള്ള അക്രമ പ്രവർത്തനങ്ങളുടെ ഇരകൾക്കായുള്ള അന്താരാഷ്ട്ര അനുസ്മരണ ദിനം ഐക്യരാഷ്ട്ര സ്ഥാപിച്ചത്.


Related Articles »