India

കുറവിലങ്ങാട് ബൈബിള്‍ കണ്‍വെന്‍ഷന് ഇന്നു തുടക്കമാകും

പ്രവാചകശബ്ദം 28-08-2024 - Wednesday

കുറവിലങ്ങാട്: മരിയൻ തീർത്ഥാടന കേന്ദ്രമായ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ഇടവക ആതിഥ്യമരുളുന്ന കുറവിലങ്ങാട് വചനവിരുന്നിന് ഇന്നു തുടക്കമാകും. സെപ്റ്റംബർ ഒന്നുവരെ തീയതികളിലായി നടക്കുന്ന കണ്‍വെന്‍ഷന്‍ ഫാ. ഡൊമിനിക് വാളന്മനാലാണ് നയിക്കുന്നത്. കൺവെൻഷൻ ദിവസങ്ങളിൽ എല്ലാദിവസവും രാവിലെ 5.30, 6.30, 7.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. നാലിന് ജപമാല. 4.30ന് ആഘോഷമായ വിശുദ്ധ കുർബാന. ഇന്ന് 4.30ന് പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

പാലാ രൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. എല്ലാദിവസങ്ങളിലും 4.30നുള്ള വിശുദ്ധ കുർബാനയെതുടർന്ന് ഒൻപതുവരെയാണ് വചനവിരുന്ന്. 29 മുതൽ എല്ലാദിവസങ്ങളിലും കൗൺസലിംഗും കുമ്പസാരവും ക്രമകരീച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്നിന് രാവിലെ 5.30നുള്ള വിശുദ്ധ കുർബാനയെത്തുടർന്ന് പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാളിന് കൊടിയേറും.


Related Articles »