News - 2024

ഗാസ മുനമ്പിൽ വീണ്ടും സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടന

പ്രവാചകശബ്ദം 29-08-2024 - Thursday

ഗാസ: യുദ്ധമുഖരിതമായ ഗാസ മേഖലയിൽ വീണ്ടും സഹായവുമായി കത്തോലിക്കാ സഭയുടെ ഉപവിപ്രവർത്തനങ്ങൾക്കുള്ള സംഘടനയായ കാരിത്താസ്. മാനുഷിക സഹായങ്ങൾ നൽകുവാനുള്ള സാഹചര്യങ്ങൾ പരിമിതമായ മേഖലയിൽ, കുട്ടികളുടെ അടിയന്തിരമായ ആരോഗ്യസാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത്, വാക്സിൻ വിതരണത്തിനാണ് സന്നദ്ധ സംഘടന വിവിധ സംഘങ്ങൾ രൂപീകരിക്കുന്നത്. നാളിതുവരെ കാരിത്താസ് സംഘടനയുടെ നിസ്വാർത്ഥമായ സേവനങ്ങളുടെ ഭാഗമായി ഏകദേശം ഇരുപത്തിയെട്ടായിരത്തിലധികം ആളുകൾക്കാണ് സഹായങ്ങൾ ലഭിച്ചത്.

ഏകദേശം പതിനാലോളം സംഘങ്ങളായി തിരിഞ്ഞുകൊണ്ടാണ് മെഡിക്കല്‍ സഹായം വേഗത്തില്‍ പൂര്‍ത്തീകരിക്കുവാനുള്ള സജ്ജീകരണങ്ങൾ ചെയ്യുന്നത്. 2023 ഒക്ടോബർ മാസം ഏഴാം തീയതി, കാരിത്താസ് സംഘടനയിലെ രണ്ടു അംഗങ്ങൾ കൊല്ലപ്പെട്ടുവെങ്കിലും ഏറെ ദുരിതങ്ങൾ സഹിച്ചും സഹായം ആളുകളിലേക്ക് എത്തിക്കുന്നതിൽ നിന്നു സംഘടന പിന്മാറിയിരുന്നില്ല. നിലവിൽ കാരിത്താസ് സംഘടനയ്ക്ക് ഒൻപതു ചികിത്സാകേന്ദ്രങ്ങൾ ഉണ്ടെങ്കിലും, വിവിധ സുരക്ഷാകാരണങ്ങളാൽ രണ്ടെണ്ണം പ്രവർത്തനക്ഷമമല്ല. ഗാസ നഗരത്തിലെ തിരുക്കുടുംബ ദേവാലയം ചികിത്സാകേന്ദ്രങ്ങളിൽ ഒന്നാണ്.

ദേർ അൽ ബലാഹിലെ പുതിയ യുദ്ധഭീഷണികൾ മൂലം കാരിത്താസിന്റെ രണ്ടു ജീവനക്കാരുടെ കുടുംബങ്ങൾക്ക് വീട് വിട്ടു മാറിത്താമസിക്കേണ്ടതായി വന്നിരിന്നു. പോളിയോ ബാധയ്ക്ക് എതിരെയുള്ള വാക്സിൻ വിതരണമാണ് ആദ്യം നടത്തുന്നതെന്നും, ഇതിനായി സന്നദ്ധ പ്രവർത്തകർക്ക് വിദഗ്ധർ പരിശീലനം നൽകിവരികയാണെന്നും കാരിത്താസ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മേഖലയിൽ ഇതിനോടകം ലഭ്യമാക്കിയ വാക്സിനുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിതരണം ചെയ്തു തുടങ്ങും.


Related Articles »