News

തടവറയില്‍ ബലമായത് ക്രിസ്തുവിലുള്ള പ്രത്യാശ: വ്യാജ മതനിന്ദ കേസില്‍ എട്ടു വര്‍ഷത്തിന് ശേഷം കുറ്റവിമുക്തയായ പാക്ക് വനിത

പ്രവാചകശബ്ദം 04-09-2024 - Wednesday

ലാഹോര്‍: ക്രിസ്തുവിലുള്ള പ്രത്യാശയാണ് തടവറയില്‍ ബലമായതെന്നു പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ വനിത. 2013-ലാണ് പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള മെസ്സേജ് അയച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ ലാഹോറിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഗോജ്റ നിവാസികളായ ഷഫ്കാത്ത്, ഷാഗുഫ്ത ദമ്പതികള്‍ അറസ്റ്റിലാവുന്നത്. നിരപരാധികളായിരിന്നിട്ടും നീണ്ട കുറ്റവിചാരണയ്ക്കൊടുവില്‍ ഏഴു വര്‍ഷമാണ് ഇവര്‍ തടവ് അനുഭവിച്ചത്.

കടന്നുപോയ സാഹചര്യങ്ങള്‍ അതിദയനീയമായിരിന്നുവെന്ന് ഷാഗുഫ്ത, എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഒരു സെൽഫോൺ ഇല്ലാതിരുന്നിട്ടും - ഒരു പ്രാദേശിക ഇമാമിന് മതനിന്ദയുടെ സന്ദേശം അയച്ചുവെന്ന വ്യാജ ആരോപണത്തിന് ശേഷം, ഒറ്റപ്പെടലിൽ തടവിലാക്കപ്പെട്ടു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് ശേഷം, ഒത്തിരി വേദനയാല്‍ ഞാൻ കഷ്ടപ്പെട്ടു. എന്നെ പരിപോഷിപ്പിച്ച ഒരേയൊരു കാര്യം, എന്റെ ശാന്തതയുടെ ഉറവിടമായിത്തീർന്നത്, യേശുക്രിസ്തുവിലുള്ള എൻ്റെ വിശ്വാസം മാത്രമാണ്. "ഉത്കണ്ഠമൂലം ആയുസ്‌സിന്റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ?" (മത്തായി 6:27). ഞാൻ എൻ്റെ വിശ്വാസത്തെക്കുറിച്ച് ധ്യാനിച്ചു. എനിക്ക് ഉള്ളിൽ ശക്തിയുണ്ടെന്ന് തോന്നി. ഞാൻ തനിച്ചായിരുന്നില്ല; ജീവനും മരണത്തിനും ഇടയിലുള്ള ഈ പോരാട്ടത്തിൽ ദൈവം എന്നോടൊപ്പം ഉണ്ടായിരുന്നു.

ഞാൻ ജയിലിൽ ആയിരുന്നപ്പോൾ, എൻ്റെ മക്കളുമായി വീണ്ടും ഒന്നിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, എന്നാൽ മൂന്ന് വർഷത്തേക്ക് എന്നെ കാണാൻ അനുവദിച്ചില്ല. ആൺകുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവർ ഭയചകിതരായിരിന്നു. കാരണം അവർ പ്രായപൂർത്തിയാകാത്തവരായതിനാൽ, മതനിന്ദ നടത്തിയ ഒരാളുടെ മക്കളായി അവരെ കണക്കാക്കി. അതിനാൽ അവരോട് അങ്ങേയറ്റം മുൻവിധിയോടെ പെരുമാറുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. വികലാംഗനായ എൻ്റെ ഭർത്താവും അറസ്റ്റിലായി. ജയിലിൽ, ക്രൂരമായ പീഡനമാണ് ഞങ്ങള്‍ അനുഭവിച്ചത്. ഞങ്ങൾ ദൈവദൂഷണം നടത്തിയെന്ന് സമ്മതിക്കാൻ ഭര്‍ത്താവിനെ തലകീഴായി തൂക്കിയിട്ട് മര്‍ദ്ദിച്ചു.

ഞങ്ങൾ നിരപരാധികളായിരുന്നു, ഞങ്ങൾ ചെയ്യാത്ത ഒരു കാര്യം സമ്മതിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഇസ്‌ലാമിലേക്ക് മാറാൻ ഞങ്ങൾക്കു മേല്‍ സമ്മർദ്ദം ഉണ്ടായിരിന്നു. പക്ഷേ ഞങ്ങൾ വിസമ്മതിച്ചു. കാരണം ഞങ്ങൾ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ ഏറ്റവും വിലമതിക്കുന്നു. നിയമസഹായം ലഭ്യമാക്കാൻ എൻ്റെ സഹോദരനും അനിയത്തിയും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു. നിരപരാധിത്വം തെളിയിക്കാൻ യൂറോപ്യൻ യൂണിയനും പ്രവർത്തിച്ചു. കുപ്രസിദ്ധമായ ഈ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ പാകിസ്ഥാൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, തന്നെ പോലുള്ള കൂടുതല്‍ ഇരകളുണ്ടാകുമെന്നും ഷാഗുഫ്ത പറയുന്നു.


Related Articles »