News

ഇന്തോനേഷ്യ ഭരണകൂടത്തിന് നന്ദിയര്‍പ്പിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 05-09-2024 - Thursday

ജക്കാര്‍ത്ത: ഇന്തോനേഷ്യ സന്ദർശിക്കാൻ തന്നെ ക്ഷണിച്ചതിന് രാജ്യത്തിന്റെ പ്രസിഡന്റിന് നന്ദിയര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ. രാജ്യം നല്‍കിയ സ്വീകരണത്തിന് പിന്നാലേ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ഒരു ദേശമെന്ന നിലയിൽ ഒരുമിച്ചുനിൽക്കുന്നവർ എന്ന യാഥാർത്ഥ്യത്തെയാണ് "വൈവിധ്യങ്ങളിൽ ഒരുമിച്ചുനിൽക്കുന്നവർ" എന്ന ദേശീയ മുദ്രാവാക്യം വ്യക്തമാക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. ഇന്തോനേഷ്യയിൽ ഫ്രാൻസിസ് പാപ്പ നടത്തിയ ആദ്യ പ്രഭാഷണം, രാജ്യത്തെ രാഷ്ട്രീയ സാമൂഹിക അധികാരികളുടെയും, വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു.

രാജ്യം സന്ദർശിക്കാൻ തന്നെ ക്ഷണിച്ചതിന് ഇന്തോനേഷ്യന്‍ പ്രസിഡന്റിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പാപ്പ തന്റെ പ്രഭാഷണം ആരംഭിച്ചത്. ഏഷ്യയെയും ഓഷ്യാനയെയും ബന്ധിപ്പിക്കുന്ന ദ്വീപസമൂഹമായ ഇന്തോനേഷ്യയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോക്കോ വീഡോഡോയ്ക്കു പാപ്പ ആശംസകൾ നേർന്നു. ഇന്തോനേഷ്യൻ ദ്വീപുകളെ കടൽ ബന്ധിപ്പിക്കുന്നതുപോലെ, രാജ്യത്തെ വിവിധ മാനവികസമൂഹങ്ങളുടെ വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുടെയും, വർഗ്ഗങ്ങളുടെയും, ഭാഷകളുടെയും മതങ്ങളുടെയും നേർക്കുള്ള പരസ്പര ബഹുമാനമാണ് ഇന്തോനേഷ്യക്കാരെ ഒരുമിച്ചുനിറുത്തുകയും അവർക്ക് അഭിമാനിക്കാൻ വകനൽകുകയും ചെയ്യുന്നതെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

ഒരു ദേശമെന്ന നിലയിൽ ഒരുമിച്ചുനിൽക്കുന്നവർ എന്ന യാഥാർത്ഥ്യത്തെയാണ് "വൈവിധ്യങ്ങളിൽ ഒരുമിച്ചുനിൽക്കുന്നവർ" എന്ന നിങ്ങളുടെ ദേശീയ മുദ്രാവാക്യം വ്യക്തമാക്കുന്നത്. രാജ്യത്തെ ജൈവവൈവിധ്യം രാജ്യത്തിൻറെ സമ്പത്തിനും പ്രതാപത്തിനും കാരണമാകുന്നതുപോലെ, രാജ്യത്തിന്റെ വിവിധ പ്രത്യേകതകൾ അതിനെ, ഒരു ഭാഗവും മാറ്റിവയ്ക്കാനാകാത്തവിധത്തിലുള്ള മനോഹരമായ ഒരു ചിത്രം പോലെയാക്കാൻ സഹായിക്കുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളും പൊതുവായ ആവശ്യങ്ങൾ പരിഗണിച്ചു പ്രവർത്തിക്കുമ്പോൾ വൈവിധ്യങ്ങളെ മാനിക്കുന്ന ഐക്യം സംജാതമാകുന്നുവെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു.

1945-ൽ തയ്യാറാക്കപ്പെട്ട ഇന്തോനേഷ്യയുടെ ഭരണഘടനയുടെ ആമുഖത്തിൽ സർവ്വശക്തനായ ദൈവത്തെക്കുറിച്ച് രണ്ടുവട്ടം പരാമർശിച്ചിരിക്കുന്നത് എടുത്തുപറഞ്ഞ പാപ്പ, രാജ്യത്തിനുമേൽ ദൈവാനുഗ്രഹം വർഷിക്കപ്പെടേണ്ടതിനെപ്പറ്റി അതിൽ പറഞ്ഞിരിക്കുന്നത് ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ അടിസ്ഥാന നിയമം ഇന്തോനേഷ്യൻ ജനതയുടെ പൊതുനന്മയ്ക്കായി വേണ്ട സാമൂഹ്യനീതിയെക്കുറിച്ച് രണ്ടുവട്ടം എടുത്തുപറഞ്ഞിരിക്കുന്നതും പാപ്പാ പരാമർശിച്ചു.


Related Articles »