News - 2025
നിക്കരാഗ്വേയില്‍ വിദേശ വൈദികരെയും കന്യാസ്ത്രീകളെയും നാടുകടത്തിയതായി വെളിപ്പെടുത്തല്‍
പ്രവാചകശബ്ദം 05-09-2024 - Thursday
മനാഗ്വേ: മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയില്‍ സേവനം ചെയ്തിരുന്ന വിദേശത്തു നിന്നുള്ള വൈദികരെയും കന്യാസ്ത്രീകളെയും നാടുകടത്തിയതായി മനുഷ്യാവകാശ പ്രവര്‍ത്തകയും ഗവേഷകയുമായ മാർത്ത പട്രീഷ്യയുടെ വെളിപ്പെടുത്തല്‍. ഭരണകൂടം രണ്ട് വ്യത്യസ്ത മീറ്റിംഗുകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നോ വിളിച്ചുവരുത്തിയവരില്‍ എല്ലാ വൈദികരും സന്യസ്തരും വിദേശികളായിരുന്നു. നിക്കരാഗ്വേയിൽ പ്രസിഡൻ്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യ വൈസ് പ്രസിഡൻ്റ് റൊസാരിയോ മുറില്ലോയുടെയും ഏകാധിപത്യ ഭരണകൂടത്തിന്റെ ക്രൂരതകള്‍ പുറത്തുക്കൊണ്ടുവന്ന വ്യക്തിയാണ് മാർത്ത പട്രീഷ്യ.
തങ്ങള്‍ക്ക് എതിരെ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താൽ സന്യസ്തരായ വൈദികരെയും കന്യാസ്ത്രീകളെയും തടവിലാക്കുകയോ നാടുകടത്തുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതു രാജ്യത്തു പതിവായി മാറിയിരിക്കുകയാണെന്ന് "നിക്കരാഗ്വേ: ഒരു പീഡന സഭ?" എന്ന പേരില്‍ മാർത്ത പട്രീഷ്യ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടറിന്റെ അഞ്ചാം ഭാഗത്ത് പറയുന്നു. 2018 മുതൽ കത്തോലിക്ക സഭയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും നിക്കരാഗ്വേൻ സ്വേച്ഛാധിപത്യ ഭരണകൂടം 870 ആക്രമണങ്ങളാണ് നടത്തിയത്. ചില സന്യാസ സമൂഹങ്ങളില്‍ നിന്നുള്ളവരെ പ്രത്യേകം വിലക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. ജനദ്രോഹ നടപടികളില്‍ സഭ ശക്തമായി രംഗത്തുവന്നിരിന്നു. ഇതില്‍ അസ്വസ്ഥരായ ഭരണകൂടം സഭയ്ക്ക് നേരെ ശക്തമായ നടപടികള്‍ ആരംഭിക്കുകയായിരിന്നു. കത്തോലിക്ക റേഡിയോ ടെലിവിഷന്‍ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും മെത്രാനെയും വൈദികരെയും തടങ്കലിലാക്കിയതും വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള സന്യാസിനീ സമൂഹങ്ങളെ പുറത്താക്കിയതും ഉള്‍പ്പെടെ അനേകം സംഭവങ്ങളാണ് രാജ്യത്തു പില്‍ക്കാലത്ത് നടന്നത്.