News - 2024

രാജ്യത്തെ അസാധാരണമായ സാംസ്കാരിക മാനവിക സമ്പന്നത തന്നെ ആകര്‍ഷിച്ചു: പാപുവ ന്യൂഗിനിയിലെ കന്നി പ്രഭാഷണത്തില്‍ പാപ്പ

പ്രവാചകശബ്ദം 07-09-2024 - Saturday

പോർട്ട് മൊറെസ്ബി: പാപുവ ന്യൂഗിനിയിൽ അസാധാരണമായ സാംസ്കാരിക മാനവിക സമ്പന്നത തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് ഫ്രാന്‍സിസ് പാപ്പ. അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി പാപുവ ന്യൂഗിനിയുടെ തലസ്ഥാനമായ പോർട്ട് മൊറെസ്ബിയിൽ എത്തിയ പാപ്പ ഭരണാധികാരികളെയും പൗരസമൂഹ പ്രതിനിധികളെയും നയതന്ത്ര പ്രതിനിധികളെയും സംബോധന ചെയ്തു നടത്തിയ കന്നി പ്രഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. നൂറുകണക്കിന് ദ്വീപുകളുടെ ഒരു സമൂഹമായ പാപുവ ന്യൂഗിനിയിൽ എണ്ണൂറിലധികം ഭാഷകൾ സംസാരിക്കപ്പെടുന്നതും ഏതാണ്ട് അതിനോടടുത്ത് ഗോത്രങ്ങളുള്ളതും സൂചിപ്പിച്ച പാപ്പ ഈ വൈവിധ്യങ്ങൾ എടുത്തുകാട്ടുന്നത് അന്നാടിന്റെ അസാധാരണമായ സാംസ്കാരിക മാനവിക സമ്പന്നതയാണെന്നും ഇത് തന്നെ ആത്മീയമായും ഏറെ ആകർഷിക്കുന്ന ഒരു കാര്യമാണെന്നും പറഞ്ഞു.

പാപുവ ന്യൂഗിനി, ദ്വീപുകൾക്കും നാട്ടു ഭാഷകൾക്കും പുറമേ, കര, ജലസ്രോതസ്സുകളാൽ സമ്പന്നമാണെന്ന വസ്തുതയെക്കുറിച്ചു പരാമർശിച്ചുകൊണ്ട് പാപ്പ, ഈ വിഭവങ്ങൾ അഖില സമൂഹത്തിനും വേണ്ടിയുള്ളതാണെന്ന് ഓർമ്മിപ്പിച്ചു. പാരിസ്ഥിതികവും സാംസ്കാരികവുമായ സമ്പന്നത ഒരേ സമയം ഒരു വലിയ ഉത്തരവാദിത്വത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും, കാരണം അത് സുസ്ഥിരവും നീതിയുക്തവുമായ ജീവിതത്തിനു ഉപയുക്തമാം വിധം പ്രകൃതിവിഭവങ്ങളെയും മാനവ വിഭവങ്ങളെയും ഉന്നമിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സംരംഭങ്ങളെയും പരിപോഷിപ്പിക്കാൻ പൗരന്മാരോടൊപ്പം സർക്കാരുകളും പ്രതിജ്ഞാബദ്ധമാകേണ്ടതുണ്ടെന്നും പാപ്പ വ്യക്തമാക്കി.

പാപുവ ന്യൂഗിനിയിൽ നിലവിലുള്ള വംശീയ സംഘർഷങ്ങളെക്കുറിച്ചും പാപ്പ പരാമർശിച്ചു. ദൗർഭാഗ്യവശാൽ നിരവധിപ്പേരെ ഇരകളാക്കുന്നതും ജനങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കാത്തതും വികസനത്തെ തടസ്സപ്പെടുത്തുന്നതുമായ ഗോത്രവർഗ്ഗ പോരാട്ടത്തിന് അറുതിയുണ്ടാകുമെന്ന പ്രത്യാശ പാപ്പ പ്രകടിപ്പിച്ചു. റോമിൽ നിന്ന് വളരെ ദൂരെയാണെങ്കിലും കത്തോലിക്കാ സഭയുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പാപുവ ന്യൂഗിനിയെന്ന സുന്ദരനാടിൻറെ വാതിലുകൾ തനിക്ക് തുറന്ന് തന്നതിന് പാപ്പാ തൻറെ പ്രഭാഷണത്തിൻറെ അവസാനം നന്ദി പ്രകാശിപ്പിച്ചു. സുവിശേഷം സംസ്കാരത്തിനുള്ളിൽ പ്രവേശിക്കുകയും സംസ്കാരങ്ങൾ സുവിശേഷവത്കരിക്കപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പ ദൈവരാജ്യം പാപുവ ന്യൂഗിനിയിൽ പൂർണ്ണമായി സ്വാഗതം ചെയ്യപ്പെടട്ടെയെന്നും പറഞ്ഞു.