News - 2024

325 ക്രൈസ്തവ ദേവാലയങ്ങള്‍ തങ്ങള്‍ക്ക് നഷ്ട്ടമായെന്നു നൈജീരിയന്‍ ബിഷപ്പിന്റെ വെളിപ്പെടുത്തല്‍

പ്രവാചകശബ്ദം 10-09-2024 - Tuesday

അബൂജ: അക്രമാസക്തമായ സംഘർഷങ്ങളും ക്രൈസ്തവ വിരുദ്ധ പീഡനങ്ങളും സൃഷ്ടിച്ച കടുത്ത വെല്ലുവിളികള്‍ക്കിടെ 325 ക്രൈസ്തവ ദേവാലയങ്ങള്‍ തങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടെന്ന് നൈജീരിയന്‍ ബിഷപ്പിന്റെ വെളിപ്പെടുത്തല്‍. നൈജീരിയയിലെ വുകാരിയിലെ കത്തോലിക്ക രൂപതാധ്യക്ഷന്‍ ബിഷപ്പ് മാർക്ക് മൈഗിഡയാണ് രാജ്യത്തെ ടബാര സ്റ്റേറ്റിലെ തെക്കൻ തരാബ മേഖലയില്‍ സംഭവിക്കുന്ന ദുരന്തങ്ങളെ കുറിച്ച് വിവരിച്ചത്. കൊള്ളക്കാർ, ബോക്കോഹറാം വിമതർ, തട്ടിക്കൊണ്ടുപോകുന്നവർ എന്നിവരും നടത്തുന്ന അക്രമങ്ങള്‍ പ്രാദേശിക കർഷകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് 'എസിഐ ആഫ്രിക്ക'യ്ക്ക് സെപ്റ്റംബർ 9-ന് തിങ്കളാഴ്ച നൽകിയ അഭിമുഖത്തിൽ ബിഷപ്പ് മാർക്ക് മൈഗിഡ വെളിപ്പെടുത്തി.

ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ ശക്തമായപ്പോള്‍ നൂറുകണക്കിന് പള്ളികൾ അടച്ചുപൂട്ടാൻ കാരണമായി. തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ നിമിത്തം കർഷക സമൂഹങ്ങള്‍ക്കു പലായനം ചെയ്യേണ്ടി വന്നു. അതിൻ്റെ ഫലമായി ഏകദേശം 325 പള്ളികൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. നശിപ്പിച്ച മൊത്തം പള്ളികളുടെ എണ്ണം 328 ആണ്. വുകാരി കത്തോലിക്കാ രൂപത ഉൾപ്പെടുന്ന എട്ടിൽ നാല് തദ്ദേശഭരണ പ്രദേശങ്ങളിൽ മൂന്നെണ്ണം ഭാഗികമായും 325 എണ്ണം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. വുകാരി രൂപതയിലേക്ക് മടങ്ങിവരാനും സമാധാനം സംജാതമാകുന്നതിനും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും നൈജീരിയൻ ബിഷപ്പ് മാർക്ക് മൈഗിഡ പറഞ്ഞു.

അമേരിക്ക ആസ്ഥാനമായ ഗവേഷണ ഏജന്‍സിയായ പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ ഏറ്റവും അധികം ക്രൈസ്തവരുള്ളത് നൈജീരിയയിലാണ്. നൈജീരിയയിലെ തെക്കൻ മധ്യ മേഖലകളിലാണ് ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്നത്. അതേസമയം ഇസ്ലാമിക തീവ്രവാദികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചതോടെ ക്രൈസ്തവര്‍ കനത്ത ഭീഷണിയാണ് നേരിടുന്നത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും പതിവ് സംഭവങ്ങളായി രാജ്യത്തു മാറിയിരിക്കുകയാണ്.


Related Articles »