News - 2025

ഭ്രൂണഹത്യ മനുഷ്യാവകാശങ്ങളുടെ ലംഘനം, കൊലപാതകം: ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 01-10-2024 - Tuesday

വത്തിക്കാന്‍ സിറ്റി: ഭ്രൂണഹത്യ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ഗർഭഛിദ്രത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ടത് ആവശ്യമാണെന്നും ഫ്രാൻസിസ് പാപ്പ. ബെല്‍ജിയം സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാൻസിസ് പാപ്പയുടെ നാല്പത്തിയാറാം അപ്പസ്തോലിക യാത്ര പൂർത്തിയാക്കി മടങ്ങും വഴി, വിമാനത്തിൽ വച്ചു മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ബെൽജിയൻ ദേശീയ മാധ്യമപ്രവർത്തകയായ വലേരി ദു പോന്തിന്റെ, ജീവിക്കാനുള്ള അവകാശത്തെ പറ്റിയും, ജീവന്റെ സംരക്ഷണത്തെ പറ്റിയുമുള്ള ചോദ്യങ്ങൾക്കു മറുപടിയായിട്ടാണ് പാപ്പ, വിഷയം സൂചിപ്പിച്ചത്.

ബെൽജിയം രാജാവായിരുന്ന ബൗദൂയിന്റെ നാമകരണപ്രക്രിയകൾ ആരംഭിക്കുമെന്നും ഫ്രാൻസിസ് പാപ്പ ബെല്‍ജിയം സന്ദര്‍ശനത്തിനിടെ അറിയിച്ചിരുന്നു. ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനെതിരെ പോരാടിക്കൊണ്ട് തന്റെ രാജകീയപദവി ഉപേക്ഷിച്ച വ്യക്തിയാണ് ബൗദൂയിൻ രാജാവ്. ബൗദൂയിൻ രാജാവിനെപ്പോലെ തിന്മകൾക്കെതിരെ പോരാടുവാൻ അധികാരക്കസേരകളുടെ സുഖം ഉപേക്ഷിക്കുവാനുള്ള ധൈര്യം ഭരണാധികാരികൾക്കുണ്ടാകണമെന്നു പാപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാൽ രാജാവിന് അപ്രകാരം ചെയ്യുവാൻ സാധിച്ചത് അദ്ദേഹം ഒരു വിശുദ്ധനായിരുന്നതുകൊണ്ടു മാത്രമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ നാമകരണ പ്രക്രിയകൾ താൻ തുടരുമെന്നും പാപ്പ പറഞ്ഞു.

ജീവിക്കുവാനുള്ള അവകാശം സ്ത്രീകൾക്ക് ഉണ്ടാകണമെന്ന് എപ്പോഴും ഉറച്ചുപറയുമ്പോൾ, ജീവിക്കുവാൻ കുഞ്ഞുങ്ങള്‍ക്കുള്ള അവകാശം സമൂഹം ആവശ്യപ്പെടുവാൻ മറന്നുപോകരുതെന്നും പാപ്പ പറഞ്ഞു. ഗർഭഛിദ്രം കൊലപാതകമാണെന്ന് ശാസ്ത്രം പോലും സമർത്ഥിക്കുമ്പോൾ, മനുഷ്യൻ മനുഷ്യനെ കൊലപ്പെടുത്തുന്ന ഒന്നാണ് ഭ്രൂണഹത്യയിൽ സംഭവിക്കുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഇതിനു കൂട്ടുനിൽക്കുന്ന ആരോഗ്യപ്രവർത്തകരും, പ്രത്യേകിച്ച് ഡോക്ടർമാരും 'വാടകക്കൊലയാളി'കളാണെന്ന് പാപ്പ പ്രതികരിച്ചു. ഇക്കാര്യത്തിൽ നമുക്കാർക്കും തർക്കിക്കുവാൻ സാധിക്കുകയില്ലെന്നും പാപ്പ പറഞ്ഞിരിന്നു.


Related Articles »