News - 2024
ഗവര്‍ണറുടെ മിഷ്ണറി വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് തമിഴ്‌നാട് ബിഷപ്പ്സ് കൗൺസില്‍
പ്രവാചകശബ്ദം 03-10-2024 - Thursday
ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി ക്രൈസ്തവ മിഷ്ണറിമാര്‍ക്കെതിരെ നടത്തിയ പരമാര്‍ശത്തെ അപലപിച്ച് തമിഴ്‌നാട് ബിഷപ്പ്സ് കൗണ്‍സില്‍. ബ്രിട്ടീഷ് സർക്കാർ, മിഷ്ണറിമാർക്കൊപ്പം ഭാരതത്തിൻ്റെ സ്വത്വം നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ഭാരതത്തിൻ്റെ ആത്മാവിനെ കൊല്ലാൻ അവർ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇല്ലാതാക്കുകയായിരിന്നുവെന്നും രാജ്യത്തെ ജനങ്ങൾക്ക് ഒരു പുതിയ ഐഡൻ്റിറ്റി നൽകാൻ അവർ ചരിത്രം കെട്ടിച്ചമക്കുകയായിരിന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഗവര്‍ണ്ണറുടെ പ്രസ്താവനയെ അപലപിച്ചു തമിഴ്നാട് ബിഷപ്പ്സ് കൗൺസിലും (TNBC) തമിഴ്നാട് ലാറ്റിൻ ബിഷപ്പ്സ് കൗൺസിലും (TNLBC) രംഗത്തുവന്നു. ആര്‍.എന്‍ രവിയുടെ വാക്കുകള്‍ "ഇന്ത്യയുടെ സ്വത്വത്തെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും നശിപ്പിച്ചു" എന്ന് സഭാ നേതാക്കൾ പറഞ്ഞു. ഇന്ത്യയെ തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളിൽ ക്രിസ്ത്യാനികൾ ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഗവർണറുടെ പരാമർശങ്ങൾ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന് ടിഎൻബിസിയുടെ പ്രസ്താവനയിൽ പറയുന്നു.
ഗവർണർ രവിയുടെ പ്രസംഗം വിദ്വേഷം മാത്രമല്ല, വർഗീയ സംഘർഷം വളർത്താനുള്ള വ്യക്തമായ ശ്രമവും ആയിരുന്നു. ഇന്ത്യയിലെ ക്രൈസ്തവര്‍ ദീർഘകാലമായി രാജ്യത്തിൻ്റെ പാരമ്പര്യങ്ങളോടും മൂല്യങ്ങളോടും സംസ്‌കാരത്തോടും അഗാധമായ ബന്ധമുള്ളവരാണെന്നും വികസനത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും മൈലാപ്പൂർ ആർച്ച് ബിഷപ്പും തമിഴ്‌നാട് മെത്രാന്‍ സമിതിയുടെ അധ്യക്ഷനുമായ ജോർജ് ആൻ്റണിസാമി പറഞ്ഞു. 72 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള തമിഴ്‌നാട് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ്. സംസ്ഥാനത്തെ 87 ശതമാനത്തിലധികം ഹിന്ദുക്കളാണ്. എന്നാൽ ക്രൈസ്തവര്‍ 6 ശതമാനം മാത്രമാണ്.