News - 2025
ജപമാല കണ്ട് തിരിച്ചു നടന്ന സീരിയൽ കൊലയാളി
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 07-10-2024 - Monday
പരിശുദ്ധ ദൈവമാതാവു വിശുദ്ധ ഡോമിനിക്കിനു ഭക്തിയോടുകൂടി ജപമാല ചൊല്ലുന്നവർക്ക് 15 പ്രത്യേക വാഗ്ദാനങ്ങൾ നൽകി അതിൽ ഒന്നാമത്തേത് - "ഭക്തിപൂർവം ജപമാല ചൊല്ലുന്നവർക്ക് എന്റെ പ്രത്യേക സംരക്ഷണവും പ്രസാദവരങ്ങളും നൽകുന്നതാണെന്ന് ഞാൻ വാഗ്‌ദാനം ചെയ്യുന്നു" എന്നതാണ്. ജപമാല നൽകിയ സംരക്ഷണത്തെകുറിച്ചുള്ള ഒരു അതിശയിപ്പിക്കുന്ന സാക്ഷ്യം.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ അമേരിക്കയിൽ ഭീകരാന്തരീക്ഷം സൃഷ്ടി്ച്ചിരുന്ന ഒരു സീരിയൽ കൊലയാളി ആയിരുന്നു തിയോഡോർ റോബർട്ട് ബണ്ടി എന്ന ടെഡ് ബണ്ടി. 1974-നും 1978-നും ഇടയിൽ നിരവധി യുവതികളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നതായി 1989 ൽ വധിക്കപ്പെടുന്നതിന് മുമ്പ് ടെഡ് ഏറ്റു പറഞ്ഞിട്ടുണ്ട്. ഈ ടെഡുമായി ബന്ധപ്പെട്ട ജപമാലയുടെ ഒരു അത്ഭുത കഥയാണിത്.
1978 ജനുവരി 15 നു രാത്രിയിൽ അമേരിക്കയിലെ ഫ്ലോറിഡയിലുള്ള സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ചി ഒമേഗ സോറിറ്റി (Chi Omega ) ഹോസ്റ്റലിൽ ടെഡ് ബണ്ടി അതിക്രമിച്ചു കടന്നു. വെളിപ്പിനു മൂന്നു മണിക്കു രണ്ടു പെൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയശേഷം അടുത്ത മുറിയിലേ ആളെക്കെല്ലാനായി ഇറങ്ങി. കൈയിലുള്ള ബാറ്റുമായി പെൺ കുട്ടിയുടെ അടുത്തേക്കു പാഞ്ഞടത്തുവെങ്കിലും പെൺകുട്ടിയുടെ കൈയ്യിൽ തൂങ്ങി കിടന്ന ജപമാല കണ്ട് ബാറ്റു താഴയിട്ട് ഒരു പൂച്ചക്കട്ടിയെപ്പോൽ ടെഡ് ബണ്ടി അവിടുന്നു ഇറങ്ങിപോയി.
മരണം മുന്നിൽ കണ്ട പെൺകുട്ടിക്കു അതു വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. പോലീസുകാർ സംഭവസ്ഥലത്തു പാഞ്ഞെത്തിയെങ്കിലും ഭയന്നു വിറച്ചിരുന്ന പെൺകുട്ടിക്കു ഒന്നും ഉരിയാടാൻ കഴിഞ്ഞില്ല. സ്ഥലത്തെ വികാരിയച്ചനായിരുന്ന മോൺസിഞ്ഞോർ വില്യം കേറിനോട് പെൺകുട്ടി നടന്ന സംഭവങ്ങൾ വിവരിച്ചു.
യൂണിവേഴ്സിറ്റി പഠനത്തിനായി പുറപ്പെടുമ്പോൾ പെൺകുട്ടിയോടു ഒരു കാര്യം മാത്രമേ അവളുടെ വല്യമ്മ ആവശ്യപ്പെട്ടിരുന്നുള്ളു. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പു ജപമാല ചെല്ലി പ്രാർത്ഥിക്കുക. അവൾ എല്ലാ ദിവസവും ഈ വാഗ്ദാനം പാലിച്ചു പോന്നു. ആ രാത്രിയിൽ ജപമാല പ്രാർത്ഥന ചെല്ലുന്നതിനിടയിൽ അവൾ ഉറങ്ങിപ്പോയി. ബണ്ടി മുറിയിൽ അതിക്രമിച്ചു കടന്നപ്പോൾ പെൺകുട്ടിയുടെ കൈയ്യിൽ ജപമാല തൂങ്ങി കിടക്കുന്നതു കണ്ടാണ് ഇറങ്ങി പ്പോയത്.
വർഷങ്ങൾ കടന്നു പോയി. വധശിക്ഷ കാത്തു ജയിലിൽ കിടന്ന ടെഡ് ബണ്ടി ആത്മീയ ഉപദേശത്തിനായി ജയിലധികൃതരോടു ഒരു വൈദീകനെ ആവശ്യപ്പെട്ടു. അത്ഭുതമെന്നു പറയട്ടെ, ജയിലിൽ ബണ്ടിനോടു സംസാരിക്കാൻ അന്നു വന്ന വൈദീകൻ മോൺസിഞ്ഞോർ വില്യം കേർ തന്നെയായിരുന്നു. സംസാരത്തിനിടയിൽ ഫ്ലോറിഡയിലെ സോറിറ്റി ഹൗസിൽ നടന്ന സംഭവം ബണ്ടി വിവരിച്ചു.
"കൊല്ലുക" എന്ന ഒറ്റ ഉദ്ദേശ്യവുമായി ആണ് അന്നു രാത്രി പെൺകുട്ടിയുടെ മുറിയിൽ പ്രവേശിച്ചത്, പക്ഷേ ആ മുറിയിൽ കാൽവച്ചതേ ഒരു അജ്ഞാത ശക്തി എന്നെ പിറകോട്ടു വലിച്ചു. ആയുധം വലിച്ചെറിഞ്ഞു അവിടുന്നു രക്ഷപ്പെടുകയല്ലാതെ എനിക്കു മറ്റൊരു നിവൃത്തിയും ഇല്ലായിരുന്നു."
ജപമാല പ്രാർത്ഥന പതിവായി ചൊല്ലിയിരുന്ന ആ പെൺകുട്ടിയെ അന്നു മരണത്തിൽ നിന്നു രക്ഷിച്ചത് പരിശുദ്ധ കന്യകാമറിയമാണ്.
ജപമാല പ്രാർത്ഥന അനുദിനം ചൊല്ലുന്ന കുടുംബങ്ങൾക്കു പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണം ഉണ്ടായിരിക്കും. ജപമാല പ്രാർത്ഥന ചെല്ലുന്നതിൽ നിങ്ങൾ ഉദാസീനരാണോ, എങ്കിൽ ജപമാല കൈയ്യിലെടുക്കു. ദൈവീകമായ സംരക്ഷണം നിങ്ങൾ അനുഭവിക്കും.
ജപമാലക്കു വിശുദ്ധ പാദ്രേ പീയോ രണ്ടു വിശേഷണങ്ങൾ നൽകിയിട്ടുണ്ട്: “ഒറ്റ ചരടിലെ സുവിശേഷം” “എല്ലാ പോരാട്ടങ്ങളിലും വിജയം സമ്മാനിക്കുന്ന ആയുധം".
വത്തിക്കാനിലെ പ്രശസ്തനായ ഭൂതോച്ചാടകൻ ഫാദർ ഗബ്രിയേൽ അമോർത്ത് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു, : "ഒരു ദിവസം എൻ്റെ ഒരു സഹപ്രവർത്തകൻ ഭൂതോച്ചാടന വേളയിൽ പിശാച് ഇപ്രകാരം പറയുന്നത് കേട്ടു, "ഓരോ നന്മ നിറഞ്ഞ മറിയം എന്ന ജപവും എൻ്റെ തലയിലേറ്റ ഒരടി പോലെയാണ്. ജപമാല എത്ര ശക്തമാണെന്ന് ക്രിസ്ത്യാനികൾക്ക് അറിയാമെങ്കിൽ, അത് എൻ്റെ അവസാനമായിരിക്കും."
ഒക്ടോബര്‍ മാസം ജപമാലയ്ക്കു പ്രത്യേകം സമര്‍പ്പിക്കപ്പെട്ട മാസമാണ്. എല്ലാ ദിവസവും വിശുദ്ധ ജപമാല തീക്ഷണതയോടെ നമുക്കു ചെല്ലാം. ദൈവ മാതാവിനു പ്രത്യേകം സമർപ്പിക്കപ്പെട്ട ഈ മെയ് മാസത്തിൽ ജപമാല കൈകളിലേന്തി സംരക്ഷണ കവചം നമുക്കു തീർക്കാം.
(ഫാ. ജോസഫ് എം. എസ്പേറിൻ്റെ With Mary to Jesus എന്നഗ്രന്ഥം ഈ എഴുത്തിന് അവലംബം)