News

ഫ്രാന്‍സിസ് പാപ്പയെ വീണ്ടും സന്ദര്‍ശിച്ച് യുക്രൈൻ പ്രസിഡന്റ്

പ്രവാചകശബ്ദം 12-10-2024 - Saturday

വത്തിക്കാന്‍ സിറ്റി: യുക്രൈനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിനിടെ യുക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ വീണ്ടും സന്ദർശിച്ചു. ഇന്നലെ ഒക്ടോബർ പതിനൊന്നാം തീയതി വെള്ളിയാഴ്ച്ച, ഇറ്റാലിയൻ സമയം 9.45നു നടന്ന കൂടിക്കാഴ്ച, ഏകദേശം മുപ്പത്തിയഞ്ചു മിനിറ്റുകൾ നീണ്ടു. യുക്രൈനിലെ യുദ്ധത്തിൻ്റെ അവസ്ഥയും, മാനുഷിക സാഹചര്യവും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചിന്തകളും കൂടിക്കാഴ്ചയില്‍ ചർച്ചാവിഷയമായി.

കൂടിക്കാഴ്ചയുടെ അവസാനം ഇരുവരും സമ്മാനങ്ങളും കൈമാറി. "സമാധാനം ദുർബലമായ പുഷ്പമാണ്" എന്ന ലിഖിതത്തോടുകൂടിയ ഒരു പുഷ്പത്തിൻ്റെ വെങ്കല പ്രതിമയും, സമാധാനത്തിനായുള്ള ഈ വർഷത്തെ സന്ദേശവും ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് ഫ്രാൻസിസ് പാപ്പ സെലൻസ്കിയ്ക്കു സമ്മാനിച്ചത്. 'ബുച്ച കൂട്ടക്കൊല'യുടെ ഒരു ഓയിൽ ചിത്രമാണ് സെലൻസ്കി യുക്രൈന്‍ പ്രസിഡന്റ് പാപ്പയ്ക്ക് സമ്മാനിച്ചത്.

പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് റിച്ചാർഡ് ഗല്ലഗെറുമായും പ്രസിഡന്‍റ് കൂടിക്കാഴ്ച്ച നടത്തി. നീതിപരവും, സുസ്ഥിരവുമായ സമാധാനത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ഇരുകൂട്ടരും സംസാരിച്ചു.

റഷ്യ ബന്ദികളാക്കിയ യുക്രൈന്‍ സ്വദേശികളെ തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിന് പരിശുദ്ധ സിംഹാസനത്തിൻ്റെ സഹായം പ്രതീക്ഷിക്കുകയാണെന്ന് വത്തിക്കാനിൽ നടന്ന യോഗത്തിന് ശേഷം സെലെൻസ്‌കി എക്സില്‍ പോസ്റ്റ് ചെയ്തിരിന്നു. 2023 മെയ് മാസത്തിലായിരുന്നു പ്രസിഡന്റ് സെലൻസ്കി അവസാനമായി വത്തിക്കാനിലെത്തിയത്. യുദ്ധത്തിൽ ഏറെ വിഷമതകൾ അനുഭവിക്കുന്ന യുക്രൈന്‍ ജനതയ്ക്കു നിരവധി തവണ ഫ്രാന്‍സിസ് പാപ്പയുടെ ഇടപെടലില്‍ സഹായമെത്തിച്ചിരിന്നു.


Related Articles »