News

ലെബനോനില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ക്കിടെ പലായനം ചെയ്തവര്‍ക്ക് അഭയമൊരുക്കി ക്രൈസ്തവരുടെ മാതൃക

പ്രവാചകശബ്ദം 17-10-2024 - Thursday

ബെയ്റൂട്ട്: ഇസ്രായേല്‍ ലെബനോനിൽ ഹിസ്‌ബുള്ളയ്ക്കു നേരെ നടത്തുന്ന ബോംബാക്രമണങ്ങള്‍ക്കിടെ പലായനം ചെയ്ത സാധാരണക്കാര്‍ക്ക് അഭയമായി ക്രൈസ്തവര്‍. കിഴക്കൻ ലെബനോനിലെ ബെക്കാ താഴ്‌വരയിലുള്ള ബാൽബെക്-ഡെയർ എൽ-അഹ്‌മർ അതിരൂപതയുടെ കീഴിലുള്ള ക്രൈസ്തവ ഭവനങ്ങളിലും സഭയുടെ കേന്ദ്രങ്ങളിലുമായാണ് പലായനം ചെയ്തവര്‍ക്ക് അഭയം നല്കിയിരിക്കുന്നത്. ദുരിതങ്ങള്‍ക്കിടെ രൂപതാധ്യക്ഷന്‍ മോൺ. ഹന്ന റഹ്‌മെയാണ് കാരുണ്യത്തിന്റെ പര്യായമായി ലെബനീസ് ക്രൈസ്തവര്‍ നിലകൊള്ളുന്ന വിവരം പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനോട് വെളിപ്പെടുത്തിയത്. ആന്തരികമായി കുടിയൊഴിപ്പിക്കപ്പെട്ടവരോടുള്ള സഭയുടെ ഐക്യദാർഢ്യത്തെക്കുറിച്ചും വിനാശകരമായ സാഹചര്യത്തെക്കുറിച്ചും ബിഷപ്പ് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനോട് വെളിപ്പെടുത്തി.

"ദെയർ എൽ-അഹ്മറിന് ചുറ്റുമുള്ള ഗ്രാമങ്ങളിലെ ഓരോ ക്രിസ്ത്യൻ കുടുംബങ്ങളും കുടിയിറക്കപ്പെട്ട കുടുംബങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്". മുപ്പതിനും അറുപതിനും ഇടയിലുള്ള ആളുകള്‍ക്ക് അഭയം ഒരുക്കുവാന്‍ ഇതിനോടകം ക്രൈസ്തവര്‍ക്ക് കഴിഞ്ഞുവെന്നും മാരോണൈറ്റ് ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ഹന്ന റഹ്‌മെ പറയുന്നു. തൻ്റെ അതിരൂപതയുടെ തെക്ക് ഭാഗത്തുള്ള തന്ത്രപ്രധാനമായ മേഖലകൾ ലക്ഷ്യമാക്കിയാണ് ഇസ്രായേൽ ബോംബാക്രമണം നടത്തുന്നത്. പ്രത്യേകിച്ചും ഹിസ്ബുള്ള താവളങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്ന ബാൽബെക്കിന് ചുറ്റുമുള്ള പ്രദേശം. ക്രൈസ്തവരും മുസ്ലീങ്ങളും സഹവർത്തിത്വത്തോടെ വസിക്കുന്ന മേഖലയ്ക്കു നേരെയാണ് ആക്രമണം.

കത്തോലിക്കർ കൂടുതലായി താമസിക്കുന്ന അതിരൂപതയുടെ പ്രദേശങ്ങളിലേക്ക് ഏകദേശം 13,000 ആളുകൾ പലായനം ചെയ്തിട്ടുണ്ട്. രൂപതാകേന്ദ്രം സ്ഥിതി ചെയ്യുന്ന ദേർ എൽ-അഹ്മറിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും ഏകദേശം 2300 പേരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 5,000 പേരെ സ്വകാര്യ വീടുകളിലും 1,500 പേരെ ക്രൈസ്തവ ദേവാലയങ്ങളിലും സഭയുടെ മറ്റ് സ്ഥാപനങ്ങളിലുമാണ് പാർപ്പിച്ചിരിക്കുന്നത്. കോൺവെൻ്റുകളിലും നിരവധി ദുരിതബാധിതര്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്നും മോൺ. ഹന്ന റഹ്‌മെ പറയുന്നു.

സ്നേഹിതന് വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലായെന്ന കര്‍ത്താവിന്റെ വാക്കുകള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് സ്വജീവന്‍ പണയംവെച്ചും ലെബനീസ് ക്രൈസ്തവര്‍, പലായനം ചെയ്തവര്‍ക്ക് അഭയം നല്‍കുന്നത്. ഇസ്രായേലി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കഴിഞ്ഞ ആഴ്ച ലെബനോനിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക രൂപതയുടെ കീഴില്‍ സ്ഥിതി ചെയ്യുന്ന ദേവാലയം തകര്‍ന്നിരിന്നു. ഇവിടെ അഭയം പ്രാപിച്ചിരിന്ന എട്ടോളം പേര്‍ക്ക് ജീവനും നഷ്ടമായി.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?




Related Articles »