News

പ്രതിവാരമുള്ള ജപമാല പ്രാര്‍ത്ഥനയിലൂടെ അനേകരെ യേശുവിലേക്ക് അടുപ്പിച്ച് മെക്സിക്കന്‍ ഷോപ്പിംഗ് സെന്‍റര്‍

പ്രവാചകശബ്ദം 26-10-2024 - Saturday

ജാലിസ്കോ: മെക്സിക്കന്‍ സംസ്ഥാനമായ ജാലിസ്കോയിലെ സപ്പോപാൻ നഗരത്തിലെ ആൻഡാരെസ് ഷോപ്പിംഗ് സെൻ്ററിൻ്റെ മുന്നില്‍ നടക്കുന്ന ജപമാല പ്രാര്‍ത്ഥന അനേകര്‍ക്കു വിശ്വാസ സാക്ഷ്യമാകുന്നു. ഷോപ്പിംഗ് സെൻ്ററിൻ്റെ പൂന്തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഗ്വാഡലൂപ്പ ദൈവമാതാവിന്റെ ചിത്രത്തിന് മുന്നിലാണ് എല്ലാ ബുധനാഴ്ചയും നൂറുകണക്കിന് ആളുകള്‍ ജപമാലയുമായി ഒരുമിച്ച് കൂടുന്നത്. ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു അകന്നു കഴിയുന്നവരെ ജപമാലയിലൂടെ ദൈവവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജപമാല പ്രാര്‍ത്ഥന.

2022-ൽ അഡ്രിയാന ഒറോസ്‌കോയുടെ നേതൃത്വത്തിലാണ് ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്. കത്തോലിക്ക സഭ ജപമാലയ്ക്കായി സമർപ്പിക്കുന്ന മാസമായ ഒക്ടോബറിൽ പ്രാർത്ഥിക്കാൻ കുറച്ച് ആളുകളെ മാത്രമാണ് താൻ ആദ്യം കണ്ടുമുട്ടിയതെന്നും എന്നാല്‍ ഇപ്പോഴുള്ള ഉദ്യമത്തിലൂടെ ആളുകളുടെ എണ്ണം വര്‍ദ്ധിക്കുകയായിരിന്നുവെന്നും അഡ്രിയാന പറയുന്നു. ഇപ്പോൾ ഒത്തിരി ആളുകളാണ് ജപമാലയില്‍ പങ്കുചേരാന്‍ ആൻഡാരെസ് ഷോപ്പിംഗ് സെൻ്ററിൽ എത്തിച്ചേരുന്നത്. പലരും ഈ സ്ഥലത്തുകൂടി കടന്നുപോകുമ്പോൾ, ജപമാല പ്രാർത്ഥനയിൽ പങ്കുചേരുന്നുണ്ടെന്നും അഡ്രിയാന പറയുന്നു. വിശ്വാസത്തില്‍ നിന്നു അകന്നു കഴിഞ്ഞവര്‍ പോലും ഇതില്‍ ഭാഗമാകുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ വസ്തുത.

ദൈവത്തിൻ്റെ വിളിയോട് കൂടുതൽ അടുക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളെ ഷോപ്പിംഗ് സെൻ്റർ പിന്തുണയ്ക്കുമെന്ന് ആൻഡാരെസ് ഷോപ്പിംഗ് സെൻ്ററിൻ്റെ കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ഡയാന ഗാർസിയ എസിഐ പ്രെൻസയോട് പറഞ്ഞു. ഗ്വാഡലൂപ്പിലെ ദൈവമാതാവിന് സമർപ്പിച്ചിരിക്കുന്ന ഷോപ്പിംഗ് സെന്‍ററാണ് തങ്ങളുടേത്. ഗ്വാഡലജാര ആസ്ഥാനമായുള്ള ഷോപ്പിംഗ് സെൻ്റർ എന്ന നിലയിൽ, തങ്ങളുടെ വിശ്വാസ പ്രഘോഷണം വഴി സമൂഹത്തെ ശക്തിപ്പെടുത്തുകയും എല്ലാവരിലും സമാധാനത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും മൂല്യങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നതായും ഗാർസിയ പറയുന്നു.

ആൻഡാരെസ് ഷോപ്പിംഗ് സെൻ്ററിൻ്റെ മുന്‍ഭാഗത്തായി മനോഹരമായ ഗ്വാഡലൂപ്പ ചിത്രം സ്ഥാപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ ദൈവ മാതാവിന്റെ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?






Related Articles »