News - 2025
ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനം ക്രിസ്തുവിലേക്ക് ഹൃദയം തുറക്കാൻ ക്ഷണിക്കുന്നു: യുഎസ് മെത്രാന്‍ സമിതി
പ്രവാചകശബ്ദം 28-10-2024 - Monday
വാഷിംഗ്ടൺ ഡിസി: യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയ്ക്കു ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ എഴുതിയ പുതിയ ചാക്രികലേഖനം 'ദിലെക്സിത്ത് നോസ്' ക്രിസ്തുവിൻ്റെ സ്നേഹത്തിലേക്ക് ഹൃദയം തുറക്കാൻ നമ്മെ ക്ഷണിക്കുകയാണെന്ന് അമേരിക്കന്‍ മെത്രാന്‍ സമിതി. "ക്രിസ്തുവിൻ്റെ ഹൃദയത്തിൻ്റെ അപാരമായ സ്നേഹം" കണ്ടെത്തുന്നതിന് നമ്മുടെ ഹൃദയങ്ങളെ തുറക്കാൻ ചാക്രിക ലേഖനത്തിന് കഴിയുമെന്നു യു.എസ് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (USCCB) പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് തിമോത്തി പി. ബ്രോഗ്ലിയോ പ്രത്യാശ പ്രകടിപ്പിച്ചു.
ആധുനിക സമൂഹത്തിന്റെ ചികിത്സിക്കാൻ കഴിയാത്ത രോഗങ്ങളായി ഉപഭോക്തൃത്വം, മതേതരത്വം, പക്ഷപാതം ഉള്‍പ്പെടെ കാണാന്‍ കഴിയും. ഇവയ്ക്കു ഫ്രാൻസിസ് പാപ്പ ലളിതവും ശക്തവുമായ ഒരു ചികിത്സ വാഗ്ദാനം ചെയ്യുന്നു: യേശുവിൻ്റെ തിരുഹൃദയം. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി വഴി, നമുക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള നവീനമായ വഴികളിലേക്ക് നമ്മുടെ സ്വന്തം ഹൃദയങ്ങളെ തുറക്കാൻ കഴിയുമെന്ന് പരിശുദ്ധ പിതാവ് തൻ്റെ പുതിയ ചാക്രിക ലേഖനത്തിലൂടെ പഠിപ്പിക്കുന്നു.
തിരുഹൃദയത്തിനുള്ള സമർപ്പണത്തിൽ, യേശുവിന്റെ ജീവനുള്ള ഹൃദയത്തെയും ദൈവത്തിന്റെ മക്കളായി നമ്മെ ഒന്നിപ്പിക്കാനുള്ള ശക്തിയെയും നാം കണ്ടുമുട്ടുന്നു. വിശുദ്ധ കുർബാനയിൽ നാം 'ക്രിസ്തുവിൻ്റെ ഹൃദയത്തിൻ്റെ അപാരമായ സ്നേഹം' കണ്ടെത്തുന്നുവെന്നും അമേരിക്കയില്‍ നടന്ന നാഷ്ണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍ പരിപാടിയെ ചൂണ്ടിക്കാട്ടി ആർച്ച് ബിഷപ്പ് തിമോത്തി ഓര്‍മ്മിപ്പിച്ചു. ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം 'ദിലെക്സിത്ത് നോസ്' അഥവാ "അവൻ നമ്മെ സ്നേഹിച്ചു" ഒക്ടോബർ 24 വ്യാഴാഴ്ചയാണ് പുറത്തിറക്കിയത്. ഫ്രാന്‍സിസ് പാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനമാണ് 'ദിലെക്സിത്ത് നോസ്'.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟