News - 2024
വൈദികർ ദൈവത്തിനും ദൈവജനത്തിനും സമീപസ്ഥരായിരിക്കണം: ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 08-11-2024 - Friday
വത്തിക്കാന്‍ സിറ്റി: വൈദികർ ദൈവത്തിനും ദൈവജനത്തിനും സമീപസ്ഥരായിരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ നവംബർ ഏഴ് വ്യാഴാഴ്ച, സ്പെയിനിലെ തൊളേദോയിൽനിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കു വത്തിക്കാനിൽ അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചയിലാണ്, നല്ല സമർപ്പിതരായി മാറാൻ സെമിനാരി പരിശീലനകാലത്ത് വേണ്ട ഒരുക്കങ്ങളെക്കുറിച്ച് പാപ്പ ഓർമ്മിപ്പിച്ചത്. ദൈവവും മെത്രാനും മറ്റു വൈദികരും ദൈവജനവുമായുള്ള അടുപ്പം വളർത്തിയെടുക്കാനും വിശ്വാസ ജീവിതം വഴി ക്രിസ്തുവിലേക്ക് നടക്കാനും, ദൈവജനത്തിനരികിലേക്കുള്ള ക്രിസ്തുവിന്റെ യാത്രയിൽ അവിടുത്തെ അനുധാവനം ചെയ്യാനും, ജനത്തെ ക്രിസ്തുവിലേക്ക് നയിക്കാനും വൈദികർ പരിശ്രമിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു.
വൈദികർ ഒന്നാമതായി ദൈവവുമായുള്ള തങ്ങളുടെ അടുപ്പം കാത്തുസൂക്ഷിക്കണമെന്നും, അവനെ കണ്ടുമുട്ടാനുള്ള കഴിവ് നേടണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. രണ്ടാമതായി വൈദികർ തങ്ങളുടെ മെത്രാനുമായും, മെത്രാൻ തങ്ങളുടെ പുരോഹിതരുമായുള്ള സാമീപ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. തന്റെ മെത്രാനുമായി അടുപ്പം കാത്തുസൂക്ഷിക്കാത്ത വൈദികനിൽ എന്തിന്റെയോ കുറവുണ്ടെന്ന് വേണം കരുതാനെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
മൂന്നാമതായി വൈദികർ തങ്ങളുടെ സഹവൈദികരുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഇത് സെമിനാരിയിൽ ആരംഭിക്കേണ്ട ഒന്നാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. നാലാമതായി ദൈവജനവുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കാനും, വളർത്താനും ഒരു വൈദികന് സാധിക്കേണ്ടതുണ്ടെന്ന് പാപ്പ പറഞ്ഞു. വിശുദ്ധ കുർബാനയുടെ ആരാധനയുടെ സമയം, ദൈവത്തോടൊത്തായിരിക്കാനും, നിശബ്ദതയിലും തിരുവചനത്തിലും, നമ്മുടെ ചാരത്തിരുന്ന് പ്രാർത്ഥിക്കുന്നവരുടെ വിശ്വാസത്തിലും ദൈവസ്വരം കേൾക്കാനുമുള്ള സമയമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.