News - 2024

മലങ്കര മാർത്തോമ സഭയുടെ സിനഡ് പ്രതിനിധി സംഘം ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

പ്രവാചകശബ്ദം 12-11-2024 - Tuesday

വത്തിക്കാന്‍ സിറ്റി: മലങ്കര മാർത്തോമാ സുറിയാനി സഭയിലെ സിനഡ് പ്രതിനിധികള്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ നവംബർ പതിനൊന്നാം തീയതി വത്തിക്കാനിലെ പേപ്പല്‍ വസതിയിലെത്തിയ സംഘത്തെ ഫ്രാൻസിസ് പാപ്പ സ്വീകരിച്ചു. ഐക്യവും, പ്രേഷിത പ്രവർത്തനങ്ങളും യോജിച്ചു നടത്തുവാനുള്ള ആഹ്വാനം പാപ്പ നൽകി. കഴിഞ്ഞ വർഷം തുടങ്ങിയ എക്യൂമെനിക്കൽ ചർച്ചകളുടെ അടിസ്ഥാനത്തില്‍ ഫ്രാൻസിസ് പാപ്പയാണ് സിനഡ് അംഗങ്ങളെ വത്തിക്കാനിലേക്ക് ക്ഷണിച്ചത്. റോമൻ സഭയുമായി മാർത്തോമാ സഭ പുലർത്തുന്ന ബന്ധത്തിനും, സമാധാന സൗഹൃദങ്ങൾക്കും പാപ്പ നന്ദി പറഞ്ഞു.

സഭയുടെ അധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമാ വലിയ മെത്രാപ്പോലീത്തയുടെ നല്ല ആരോഗ്യത്തിനായി താൻ പ്രാർത്ഥിക്കുന്നുവെന്നും, അദ്ദേഹത്തിന് തന്റെ ആശംസകൾ കൈമാറണമെന്നും പാപ്പാ സന്ദേശത്തിന്റെ ആമുഖത്തിൽ പറഞ്ഞു. "അവർ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വന്ന് മേശയ്ക്കരികിൽ ഇരിക്കും" എന്ന മത്തായി ശ്ലീഹായുടെ സുവിശേഷത്തിലെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ കുർബാനയിൽ നമുക്ക് ഒരുമിച്ചു പങ്കെടുക്കുവാൻ കഴിയുന്ന ദിവസം ത്വരിതപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായും പാപ്പ പറഞ്ഞു.

കത്തോലിക്ക സഭയിൽ സിനഡാലിറ്റിയെ കുറിച്ച് നടത്തിയ സിനഡിനെയും, മാർത്തോമ സഭ വച്ചുപുലർത്തുന്ന സിനഡൽ പാരമ്പര്യത്തെയും പാപ്പാ അടിവരയിട്ടു പറഞ്ഞു. സഭകൾ തമ്മിലുള്ള മൊത്തം ഒത്തുചേരലിന്റെ തീയതി അന്ത്യവിധിയുടെ പിറ്റേദിവസവമാണെന്നാണ് മഹാനായ സിസിയൗലാസ് ക്രിസ്തീയ ഐക്യത്തെക്കുറിച്ച് പറയുന്നതെങ്കിലും, ഇതിനിടയിൽ നാം ഒരുമിച്ചു നടക്കുകയും ഒരുമിച്ചു പ്രാർത്ഥിക്കുകയും ഒരുമിച്ചു പ്രവർത്തിക്കുകയും വേണമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പാപ്പ പറഞ്ഞു.


Related Articles »