India - 2024
കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ 15-ാമത് ദേശീയ സമ്മേളനം നാളെ മുതൽ
പ്രവാചകശബ്ദം 14-11-2024 - Thursday
ന്യൂഡൽഹി: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം നാളെ മുതൽ 17 വരെ പാലാ അൽഫോൻസിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡൻ്റ് ആർച്ച് ബിഷപ്പ്സ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനാകും. ഭാരത കത്തോലിക്ക സഭയുടെ മൂന്ന് റീത്തുകളുടെയും പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും.
ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ പങ്കെടുക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ അറിയിച്ചു. 'ഇന്ത്യയിലെ സാമുഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അല്‌മായരുടെ സവിശേഷ പങ്ക്' എന്നതാണ് പ്രമേയം. 1993ൽ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയാണ് സിസിഐ രൂപീകരിച്ചത്. ബിഷപ്പുമാർ, വൈദികർ, സന്യസ്‌തർ, അല്‍മായർ എന്നിങ്ങനെ സഭാ ശുശ്രൂഷയിൽ പങ്കാളികളാകുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയ പാസ്റ്ററൽ കൗൺസിലാണ് സിസിഐ.