News - 2025
വിശ്വാസപരമായ ഭിന്നിപ്പ്: അര്‍ജന്‍റീനിയന്‍ വൈദികനെ ഫ്രാന്‍സിസ് പാപ്പ പുറത്താക്കി
പ്രവാചകശബ്ദം 16-11-2024 - Saturday
വത്തിക്കാന്‍ സിറ്റി: വിശ്വാസപരമായ ഭിന്നിപ്പ് ഉണ്ടാക്കിയ അർജൻ്റീനിയൻ വൈദികനെ ഫ്രാന്‍സിസ് പാപ്പ പുറത്താക്കി. ഇറ്റാലിയന്‍ അതിരൂപതയിൽ സേവനം ചെയ്തു വരികയായിരിന്ന അർജൻ്റീനിയൻ വൈദികന്‍ ഫാ. ഫെർണാണ്ടോ മരിയ കോർനെറ്റിനെയാണ് മാര്‍പാപ്പ പുറത്താക്കിയത്. അന്‍പത്തിയേഴ് വയസ്സുള്ള ഫാ. ഫെർണാണ്ടോ 'ഹബീമസ് ആൻ്റിപാപം' എന്ന പേരില്‍ എഴുതിയ പുസ്തകം ഏറെ വിവാദമായിരിന്നു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ രാജിയെ തള്ളിയും പുതിയ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പിനെ ഉള്‍പ്പെടെ വിമര്‍ശിച്ചുമായിരിന്നു പുസ്തകം. കഴിഞ്ഞ വര്‍ഷം 'എഡിസിയോണി ഡെൽ ഫാരോ' എന്ന പബ്ലിഷിംഗ് ഹൗസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
വൈദികനെ പുറത്താക്കിയതിന് പിന്നാലെ സസാരിയിലെ ആർച്ച് ബിഷപ്പ്, മോണ്‍. ജിയാൻ ഫ്രാങ്കോ സാബ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കി. നാം ക്രിസ്തുവിൻ്റെ ശരീരത്തിലെ അംഗങ്ങളാണ്. ക്രിസ്തുവിൻ്റെ അംഗങ്ങൾ പരസ്പരം കലഹിക്കരുത്; അവിടുത്തെ ശരീരം വിഭജിതമാകാതിരിക്കേണ്ടതിന് എല്ലാവരും അവനവനു ഭരമേല്‍പ്പിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യണമെന്നും ഐക്യത്തിനായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മെയ് പകുതിയോടെ വത്തിക്കാന്‍, വൈദികന് മുന്നറിയിപ്പ് നല്‍കിയിരിന്നുവെന്ന് അര്‍ജന്റീനിയന്‍ ദിനപത്രമായ 'ലാ നാസിയോൺ' റിപ്പോര്‍ട്ട് ചെയ്തു.
പുസ്തകം പിൻവലിക്കാനും അതിൽ തെറ്റുകളുണ്ടെന്ന് പരസ്യമായി പ്രസ്താവിച്ച് മാപ്പ് ചോദിക്കാനും ഫ്രാൻസിസ് പാപ്പയെ മാർപാപ്പയായി അംഗീകരിക്കാനും ആവശ്യപ്പെട്ടുമായിരിന്നു വത്തിക്കാന്റെ കത്ത്. എന്നാല്‍ മുന്‍ വൈദികന്‍ ഇത് നിരസിക്കുകയായിരിന്നു. തന്റെ പുസ്തകത്തിലെ തെറ്റുകൾ എന്താണെന്ന് വിശദീകരിക്കാൻ വിശ്വാസ കാര്യാലയം തയാറായില്ല എന്ന അടിസ്ഥാനരഹിതമായ മറുപടിയാണ് അദ്ദേഹം നല്കിയത്. താക്കീതിന് മറുപടി നല്‍കാനോ തെറ്റ് തിരുത്താനോ തയാറാകാത്ത പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം വൈദികനെ പുറത്താക്കിയത്.