News
പാക്ക് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തുന്ന യുവതിക്ക് എസിഎന്നിന്റെ ധീരത അവാര്‍ഡ്
പ്രവാചകശബ്ദം 21-11-2024 - Thursday
ലാഹോര്‍/ ലണ്ടന്‍: കൊടിയ മതപീഡനത്തിനും വിവേചനത്തിനും ഇരയായി ദുരിതങ്ങളിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് വേണ്ടി ധീരതയോടെ പോരാടുന്ന യുവതിയ്ക്കു എസിഎന്നിന്റെ ധീരത അവാര്‍ഡ്. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) ഏര്‍പ്പെടുത്തിയ അവാര്‍ഡിന് റിബ്ക നെവാഷ് എന്ന യുവതിയാണ് അര്‍ഹയായിരിക്കുന്നത്.
ക്രൈസ്തവ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നീതി ലഭിക്കുന്നതിനു വേണ്ടി ശബ്ദമുയർത്തുന്നതിൽ അസാമാന്യ തീക്ഷ്ണത കാണിക്കുകയും ക്രൈസ്തവരോടുള്ള അനീതിയ്ക്കെതിരെ ശക്തമായി പോരാടുകയും ചെയ്യുന്ന റിബ്കയുടെ ധീരതയാര്‍ന്ന നിലപാട് കണക്കിലെടുത്താണ് 'കറേജ് ടു ബി ക്രിസ്ത്യൻ അവാര്‍ഡ്' നല്‍കുന്നതെന്ന് എസിഎന്‍ വ്യക്തമാക്കി.
24 വയസ്സു മാത്രം പ്രായമുള്ള നെവാഷ് പാക്കിസ്ഥാനിലെ ക്രൈസ്തവ സ്ത്രീകളുടേയും പെൺകുട്ടികളുടേയും ദയനീയാവസ്ഥയെക്കുറിച്ച് തുറന്നുപറയുകയും തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന അനീതിയ്ക്കെതിരെ ശക്തമായി സ്വരമുയര്‍ത്തുകയും ചെയ്തിരിന്നു. അക്രമാസക്തമായ പീഡനങ്ങളെ അതിജീവിച്ചവരെ സമൂഹത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനും അവരുടെ ശബ്ദമായി മാറാനും ഈ യുവതി തന്റെ യൗവനം മാറ്റിയിരിക്കുകയാണ്. 2023 ഓഗസ്റ്റിൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ജരന്‍വാലയില്‍ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട ക്രൈസ്തവര്‍ക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പത്രസമ്മേളനങ്ങളിൽ അവർ പങ്കെടുത്തിട്ടുണ്ട്.
പാകിസ്ഥാനിലെ പീഡിത സഭയ്ക്കുവേണ്ടി വാദിക്കുന്ന അസാധാരണമായ ശക്തിയും ധൈര്യവും നിശ്ചയദാർഢ്യവും പരിഗണിച്ച് റിബ്ഖയ്ക്ക് അവാര്‍ഡ് നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എസിഎന്‍ യുകെയിലെ ദേശീയ ഡയറക്ടർ ഡോ. കരോലിൻ ഹൾ പറഞ്ഞു. 2024-ലെ ക്രിസ്ത്യൻ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതിൽ ബഹുമാനവും നന്ദിയും അറിയിക്കുന്നുവെന്നും പീഡിത ക്രൈസ്തവരെ സഹായിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും റിബ്ക നെവാഷ് പ്രതികരിച്ചു. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ പ്രത്യേകം അനുസ്മരിക്കുന്ന റെഡ് വെനസ്ഡേ ആചരണത്തിന്റെ ഭാഗമായി ഇന്നലെ ലണ്ടനിലെ ബ്രോംപ്ടൺ ഓറട്ടറിയിൽവച്ച് റിബ്ക നെവാഷിന് അവാർഡ് സമ്മാനിച്ചു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
