News - 2025

കർദ്ദിനാൾ മിഗുവൽ ഏഞ്ചലിന്റെ മൃതസംസ്കാര ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 27-11-2024 - Wednesday

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം അന്തരിച്ച മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് കർദ്ദിനാൾ മിഗുവൽ ഏഞ്ചൽ ആയുസോ ഗുയ്‌സോട്ടിന്റെ മൃതസംസ്കാര ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു ഫ്രാന്‍സിസ് പാപ്പ. ഇന്നലെ നവംബര്‍ 27 ബുധനാഴ്ച നടന്ന വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന തിരുക്കര്‍മ്മങ്ങളില്‍ കർദ്ദിനാൾ സംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജിയോവാന്നി ബത്തിസ്ത്ത റേ മുഖ്യകാര്‍മ്മികനായി. മൃതസംസ്കാര ചടങ്ങുകളുടെ അവസാനഭാഗം ഫ്രാൻസിസ് പാപ്പയാണ് നടത്തിയത്. ജനതകളും മതങ്ങളും തമ്മിലുള്ള സാഹോദര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ, സൗമ്യതയോടും ജ്ഞാനത്തോടും കൂടി ദൈവസ്നേഹത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് അദ്ദേഹം ജീവിച്ചതെന്ന് പാപ്പ അനുസ്മരിച്ചു.

വിശ്വസ്‌തനായിരുന്ന ഈ ദാസനെ സ്വർഗ്ഗീയ ജെറുസലമിലേക്ക് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്താൽ കാരുണ്യവാനായ ദൈവം സ്വീകരിക്കട്ടെയെന്ന് അദ്ദേഹം അംഗമായിരുന്ന കൊമ്പോണിയൻ സമർപ്പിതസമൂഹത്തിനും, കുടുംബാംഗങ്ങൾക്കും അനുശോചനമറിയിച്ചുള്ള സന്ദേശത്തില്‍ പാപ്പ കുറിച്ചു. കഠിനാധ്വാനിയായ ശുശ്രൂഷകനും, ജനതകൾക്കിടയിൽ സമാധാനത്തിനായി പ്രവർത്തിച്ച സമർപ്പിതനുമായിരുന്നു കർദ്ദിനാൾ ഏഞ്ചൽ ആയുസോ. സുവിശേഷത്തിനും സഭയ്ക്കുമായി മാതൃകാപരമായി സേവനമനുഷ്‌ഠിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

ഈജിപ്തിലും, സുഡാനിലും മിഷനറി സേവനമനുഷ്ഠിച്ച കർദ്ദിനാൾ റോമിൽ അറബ്, ഇസ്ലാം മതവിശ്വാസം എന്നിവയ്ക്കായുള്ള പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായും, പിന്നീട് മതാന്തരസംവാദങ്ങൾക്കായുള്ള ഡികാസ്റ്ററിയിലും നിരവധി വർഷങ്ങൾ മാതൃകാപരമായ സേവനമനുഷ്‌ഠിച്ചുവെന്നും പാപ്പ അനുസ്മരിച്ചു. ദീർഘനാളുകളായി തുടർന്ന രോഗത്തെത്തുടർന്ന് നവംബർ 25 തിങ്കളാഴ്ചയാണ് കർദ്ദിനാൾ മിഗുവൽ ഏഞ്ചൽ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.


Related Articles »