News

ഇറ്റലിയിലെ അക്വിലായില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ബസിലിക്ക കണ്ടെത്തി

പ്രവാചകശബ്ദം 09-12-2024 - Monday

റോം: ഇറ്റലിയിലെ പുരാതന റോമന്‍ നഗരമായ അക്വിലായില്‍ നിന്നും 1500 വര്‍ഷങ്ങളുടെ പഴക്കമുള്ള ക്രിസ്ത്യന്‍ ബസിലിക്ക കണ്ടെത്തി. റോമന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ ഒന്നാമന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ബസിലിക്കയെന്നു കരുതപ്പെടുന്നു. പുരാവസ്തുഗവേഷകനായ സ്റ്റെഫാന്‍ ഗ്രോയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ചരിത്രപരമായി വളരെയേറെ പ്രാധാന്യമുള്ള ഈ കണ്ടെത്തലിന്റെ പിന്നില്‍. ബൈസന്റൈന്‍ കാലത്ത് അക്വിലായ്ക്കുണ്ടായിരുന്ന വിശ്വാസപരവും ചരിത്രപരവുമായ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നതാണ് ഈ കണ്ടെത്തലെന്ന് ഓസ്ട്രിയന്‍ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി ഓസ്ട്രിയന്‍ അക്കാദമി ഓഫ് സയന്‍സസിലെ (ഒ.എ.ഡബ്ലിയു) ഗവേഷകര്‍ വ്യക്തമാക്കി.

നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ ബസിലിക്ക ആറാം നൂറ്റാണ്ടില്‍ വിപുലീകരിച്ചുവെന്നു അനുമാനിക്കപ്പെടുന്നു. മൂന്ന് ഇടനാഴികളും, പാര്‍ശ്വമുറിയും ഉള്‍പ്പെടുന്ന ബസിലിക്കയുടെ ഘടന ഈജിപ്ത്, തുര്‍ക്കി, ബാള്‍ക്കന്‍സ് മേഖലകളിലെ ബൈസന്റൈന്‍ വാസ്തുകലയോട് വളരെയേറെ സാമ്യമുള്ളതാണെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി. ബസിലിക്കയുടെ വാസ്തുശില്‍പ്പ ശൈലി കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ വാസ്തുശില്‍പ്പ ശൈലിക്ക് സമാനമാണെന്നും, ഇതിന്റെ രൂപകല്‍പ്പന വിശ്വാസപരവും, ഭൗമരാഷ്ട്രീയവുമായ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.

ബി.സി 181-ല്‍ സ്ഥാപിച്ച ഒരു റോമന്‍ സൈനീക കോളനിയാണ് അക്വിലാ. ആംബര്‍ റോഡിന്റെ അതിര്‍ത്തിയിലും നോറിക്കമിലേക്കുള്ള (ആധുനിക ഓസ്ട്രിയ) പാതയിലുമായിട്ട് സ്ഥിതിചെയ്യുന്ന അക്വിലാക്ക് വാണീജ്യപരമായും വിശ്വാസപരമായും വളരെയധികം പ്രാധാന്യമുണ്ട്. ഇതിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് 1998-ല്‍ യുനെസ്കോ ഇതിനെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിന്നു. ജസ്റ്റീനിയന്‍ ഒന്നാമന്റെ കാലത്ത് കോട്ടകെട്ടി സുരക്ഷിതമാക്കിയ സ്ഥലം എന്ന കീര്‍ത്തിയും അക്വിലായ്ക്ക് കൈവന്നു. ഒരു ആരാധനാകേന്ദ്രമെന്ന നിലയില്‍ മാത്രമല്ല കത്തോലിക്കാ വിശ്വാസത്തിന്റെ പുനരുജ്ജീവനത്തിന്റെ പ്രതീകമായിട്ട് കൂടിയാണ് ചരിത്ര രേഖകളില്‍ നിന്നും ഈ ബസലിക്കയെക്കുറിച്ച് മനസ്സിലാക്കുവാന്‍ കഴിയുന്നത്.

ജസ്റ്റീനിയന്റെ കാലത്ത് അരിയന്‍ ക്രൈസ്തവതയുടെ ഒരു ശക്തമായ കേന്ദ്രമായിരുന്നു ഈ മേഖല. മേഖലയില്‍ കത്തോലിക്കാ വിശ്വാസം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ദേവാലയത്തിന്റെ നിര്‍മ്മാണമെന്ന് അനുമാനിക്കുന്നു. എ.ഡി 452-ല്‍ അറ്റില്ലാ ഹുണിന്റെ ആക്രമണത്തോടെ ബസലിക്കയ്ക്കു വിവിധ പ്രശ്നങ്ങള്‍ ഉണ്ടാകുകയായിരിന്നു. അക്വിലായിലെ പുരാവസ്തു ഗവേഷണ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഈ കണ്ടെത്തല്‍ ഈ മേഖലയില്‍ ദശാബ്ദങ്ങള്‍ക്കിടയില്‍ നടന്നിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളില്‍ ഒന്നാണ്. ജിയോഫിസിക്കല്‍ സര്‍വ്വേകളും, ജിയോആര്‍ക്കിയോളജിക്കല്‍ ഡ്രില്ലിംഗും വഴി വിയാ അന്നിയാക്ക് സമീപം നടത്തിയ ഗവേഷണങ്ങളില്‍ ബസിലിക്കയുടെ ശേഷിപ്പുകളും കണ്ടെത്തിയിരുന്നു. ക്രിസ്ത്യന്‍-ബൈന്റൈന്‍ ചരിത്രം രൂപപ്പെടുത്തുന്നതില്‍ മേഖല വഹിച്ച നിര്‍ണ്ണായക പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തുഗവേഷകര്‍.


Related Articles »