India - 2024

മുറിച്ച് പങ്കിടുന്നയിടത്ത് ദൈവം പിറക്കുന്നതാണ് ക്രിസ്തുമസ്: മാര്‍ റാഫേല്‍ തട്ടില്‍

പ്രവാചകശബ്ദം 24-12-2024 - Tuesday

കൊച്ചി: മുറിച്ച് പങ്കിടുന്നയിടത്ത് ദൈവം പിറക്കുന്നതാണ് ക്രിസ്തുമസെന്നും സംഘര്‍ഷങ്ങളിൽ ഔദാര്യത്തോടും സന്മസോടും കൂടെ വിട്ടുകൊടുക്കാനുള്ള സന്ദേശമാണ് ക്രിസ്തുമസ് നല്കുന്നതെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ആരേയും മാറ്റിനിര്‍ത്താതെ കരം കൊടുത്തും ചേര്‍ത്തുപിടിച്ചും ലോകത്തെ ഒരു കുടംബമാക്കുന്ന തിരുനാളാകണം ക്രിസ്തുമസെന്നും ക്രിസ്തുമസ് സന്ദേശത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

സര്‍വലോകത്തിനും സന്തോഷദായകമായിട്ടുള്ള സദ്‌വാര്‍ത്തയാണ് ക്രിസ്തുമസ്. തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ സ്‌നേഹിച്ചതിന്റെ അടയാളം കൂടിയാണിത്. സന്തോഷവും സമാധാനവുമാണ് ക്രിസ്മസ് സമ്മാനിക്കുന്നത്. ഭൂമിയെ സൃഷ്ടിച്ച ദൈവം ലോകത്തിന്റെ മകുടമായി മനുഷ്യനെ നിയമിച്ചു. ആദാമിന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയെ രൂപപ്പെടുത്തിയ ദൈവം ലോകത്തെ ആദ്യ വിവാഹം ആശീര്‍വദിച്ചു. മനുഷ്യന്‍ ഈ ലോകത്തിൽ ദൈവത്തിന്റെ പ്രതിനിധിയാണ്. മനുഷ്യനിലൂടെയാണ് ദൈവം ലോകത്തെ നിയന്ത്രിക്കുന്നതും മുന്നോട്ടുനയിക്കുന്നതും.

എന്നാല്‍, ആ ദൈവസ്‌നേഹത്തെ മനുഷ്യന്‍ മറന്ന നിമിഷത്തിലാണ് പാപം ഉത്ഭവിക്കുന്നത്. അതിന് പരിഹാരമായാണ് ഏകജാതനെ ലോകത്തിന് നല്‍കിയത്. സര്‍വലോകത്തിനും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രത്യാശയുടെയും സദ്വാര്‍ത്തയാണ് ക്രിസ്മസ് നല്കുന്നത്. പരസ്പര ധാരണയും സഹകരണവും സജീവമായി കാണാന്‍ കഴിയും ക്രിസ്മസില്‍. ഇടം കാണിക്കുന്നവരെയും കരുത്ത് പരകുന്നവരേയും അവിടെ കാണാം. ഇന്ന് സമൂഹത്തില്‍ എത്രയോ പേര്‍ ഒറ്റപ്പെട്ടിരിക്കുന്നു. വാര്‍ധക്യത്തില്‍ മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിക്കള്‍.

മക്കളെ വേണ്ടെന്നു വയ്ക്കുന്ന മാതാപിതാക്കള്‍. ഇവിടെയാണ് ക്രിസ്മസിന്റെ അര്‍ഥമെന്തെന്ന് നാം ധ്യാനിക്കേണ്ടത്. അശരണര്‍ക്ക് ഇടം കാണിച്ച് കൊടുക്കാന്‍ നമുക്ക് കഴിയുമ്പോള്‍ മാത്രമേ ക്രിസ്തുമസിന്റെ സന്തോഷവും സമാധാനുവും കൈവരികയുള്ളൂ. മുറിച്ച് പങ്കിടുന്നയിടത്ത് ദൈവം പിറക്കുന്നതാണ് ക്രിസ്മസ്. സംഘര്‍ഷങ്ങളിൽ ഔദാര്യത്തോടും സന്മസോടും കൂടെ വിട്ടുകൊടുക്കാനുള്ള സന്ദേശമാണ് ക്രിസ്മസ് നല്കുന്നത്. ആരേയും മാറ്റിനിര്‍ത്താതെ കരം കൊടുത്തും ചേര്‍ത്തുപിടിച്ചും ലോകത്തെ ഒരു കുടംബമാക്കുന്ന തിരുനാളാകണം ക്രിസ്തുമസ്. ഏവര്‍ക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങള്‍ ആശംസിക്കുകയാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?