News - 2025

സാമ്പത്തിക കടങ്ങൾ എഴുതി തള്ളി ക്രൈസ്തവ രാജ്യങ്ങള്‍ മാതൃകയാകണമെന്ന് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 03-01-2025 - Friday

വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ പാവപ്പെട്ട രാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളാൻ ക്രൈസ്തവപരമ്പര്യമുള്ള രാജ്യങ്ങളുൾപ്പെടെയുള്ള അന്താരാഷ്ട്ര നേതൃത്വങ്ങളോട് ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ജനുവരി ഒന്ന് ബുധനാഴ്ച വത്തിക്കാനിൽ ത്രികാലജപ പ്രാർത്ഥനനയിച്ച വേളയിൽ നൽകിയ സന്ദേശത്തിലാണ് ജൂബിലി മുൻപോട്ട് വയ്ക്കുന്ന മോചനത്തിന്റെ സന്ദേശം പാപ്പ എടുത്തുകാട്ടിയത്.

കടങ്ങൾ പൊറുക്കുകയെന്ന ജൂബിലിവർഷത്തിന്റെ പ്രത്യേകത കണക്കിലെടുത്ത്, സാമൂഹ്യാവസ്ഥയിൽ മാതൃകാപരമായ മാറ്റങ്ങൾ വരുത്താനും, പാവപ്പെട്ട രാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളുകയോ കുറച്ചുകൊടുക്കുകയോ ചെയ്‌തുകൊണ്ട്‌ ക്രൈസ്തവ പരമ്പര്യമുള്ള രാജ്യങ്ങൾ മറ്റുള്ളവർക്ക് മാതൃക നൽകാന്‍ പാപ്പ ആഹ്വാനം ചെയ്തു. ദൈവമാണ് നമ്മുടെ കടങ്ങൾ ആദ്യം പൊറുക്കുന്നത്. എന്നാൽ അതേസമയം, നമ്മെ ദ്രോഹിച്ചവരോട് ക്ഷമിക്കാൻ നാം തയ്യാറാകണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

ഒരു വ്യക്തിയോ കുടുംബമോ ജനതയോ പോലും കടഭാരത്താൽ തകർന്നുപോകാതിരിക്കാൻ ശ്രമങ്ങൾ വേണമെന്നു പാപ്പ ആവശ്യപ്പെട്ടു. വിശുദ്ധ പോൾ ആറാമൻ പാപ്പയാണ് വർഷത്തിന്റെ ആദ്യദിനം ആഗോളസമാധാനദിനമായി വേണമെന്ന് ആഗ്രഹിച്ചതെന്ന് പാപ്പ അനുസ്മരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടന, ഇടവക, രൂപത തലങ്ങളിൽ സമാധാനത്തിനായി നടത്തുന്ന പ്രാർത്ഥനകളെയും പരിശ്രമങ്ങളെയും, സംഘർഷമേഖലകളിൽ സമാധാനസ്ഥാപനത്തിനായി സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരെയും പാപ്പ സന്ദേശത്തില്‍ അഭിനന്ദിച്ചിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »