News

ഇസ്രായേലില്‍ 1500 വര്‍ഷത്തിലധികം പഴക്കമുള്ള ക്രൈസ്തവ ആശ്രമം കണ്ടെത്തി

പ്രവാചകശബ്ദം 07-01-2025 - Tuesday

കിര്യത് ഗാട്ട് (ഇസ്രായേല്‍): വിശുദ്ധ നാടായ ഇസ്രായേലിലെ കിര്യത് ഗാട്ടിന് വടക്ക് ആയിരത്തിഅഞ്ഞൂറുവര്‍ഷത്തിലധികം പഴക്കമുള്ള ക്രൈസ്തവ ആശ്രമം കണ്ടെത്തി. എ‌ഡി അഞ്ച് - ആറ് നൂറ്റാണ്ട് ബൈസൻ്റൈൻ കാലഘട്ടത്തില്‍ ആശ്രമം നിര്‍മ്മിച്ചതെന്നാണ് ഇസ്രായേലി ഗവേഷകരുടെ പ്രാഥമിക നിഗമനം. ആശ്രമത്തിന് പുറമേ, ഖനനത്തിൽ നിരവധി പുരാതന ഘടനകളും രൂപങ്ങളും വിവിധ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി (ഐ‌എ‌എ) വെളിപ്പെടുത്തി. കുരിശുകൾ, സിംഹങ്ങൾ, പ്രാവുകൾ, പൂക്കള്‍ എന്നിവയും ജ്യാമിതീയ പാറ്റേണുകളും ബൈബിള്‍ വചനവും ഉൾപ്പെടുന്ന സങ്കീർണ്ണമായ മൊസൈക്കും ആശ്രമത്തിൻ്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും (നിയമാവര്‍ത്തനം 28:6) എന്ന വചനം മൊസൈക്ക് തറയുടെ മദ്ധ്യഭാഗത്ത് ഗ്രീക്കു ഭാഷയില്‍ രേഖപ്പെടുത്തിയതും ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. "നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും" (നിയമാവര്‍ത്തനം 28:1) എന്ന വചന ഭാഗത്തെ കേന്ദ്രീകരിച്ചുള്ളതാണ് തറയില്‍ പതിപ്പിച്ച വാക്യം. കണ്ടെത്തലിന്റെ വീഡിയോ ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി പുറത്തുവിട്ടുണ്ട്.

ഖനനത്തിന് നേതൃത്വം നല്‍കുന്ന ഷിറ ലിഫ്ഷിറ്റ്‌സും മായൻ മാർഗുലിസും ആശ്രമത്തിൻ്റെ കണ്ടെത്തലില്‍ അതീവ സന്തോഷം പ്രകടിപ്പിച്ചു. റോമൻ, ബൈസൻ്റൈൻ കാലഘട്ടങ്ങളെ കുറിച്ച് അടുത്തറിയുവാന്‍ സഹായിക്കുന്ന ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സ്ഥലമാണിതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. പുരാതന ക്രിസ്ത്യൻ മൊസൈക്ക് കിര്യത് ഗട്ടിൽ പൊതുവായി പ്രദർശിപ്പിക്കാൻ ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി തീരുമാനിച്ചിരിക്കുകയാണ്. അതേസമയം മൊസൈക്ക് നഗരത്തിൽ പ്രദർശിപ്പിക്കുന്നതിന് മുമ്പ് സംരക്ഷണാര്‍ത്ഥം ഇസ്രായേൽ പുരാവസ്തു അതോറിറ്റിയുടെ മൊസൈക്ക് വർക്ക്ഷോപ്പിലേക്ക് മാറ്റുമെന്ന് ഐ‌എ‌എയുടെ ആർട്ടിസ്റ്റിക് കൺസർവേഷൻ ഡിപ്പാർട്ട്‌മെൻ്റ് മേധാവി മാർക്ക് അവ്രഹാമി അറിയിച്ചു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »