India - 2025

സീറോ മലബാർ മിഷൻ ക്വസ്റ്റ് 2024 വിജയികളെ പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 10-01-2025 - Friday

കാക്കനാട്: സീറോമലബാർ മിഷൻ ക്വസ്റ്റ് 2024 ആഗോളതലത്തിലുള്ള വിജയികളെ സഭാസിനഡിനിടെ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ വിഭാഗത്തിൽ ഇടുക്കി രൂപതയിലെ ഇസബെല്ല ബിനു കൂടത്തിൽ ഒന്നാം സ്ഥാനവും, കോതമംഗലം രൂപതയിലെ അഗസ ബെന്നി രണ്ടാം സ്ഥാനവും, എറണാകുളം-അങ്കമാലി അതിരൂപതയിലെ ജെയിസ് ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുതിർന്നവരുടെ വിഭാഗത്തിൽ കല്യാൺ രൂപതയിൽനിന്നുള്ള റോസിലി രാജൻ ഒന്നാം സ്ഥാനവും, കാഞ്ഞിരപ്പള്ളി രൂപതയിൽനിന്നുള്ള ടെസ്സി മാത്യു മുതുപ്ലാക്കൽ രണ്ടാം സ്ഥാനവും, മാണ്ഡ്യ രൂപതയിൽനിന്നുള്ള ബീന ജോൺ കളരിക്കൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടുതൽ അംഗങ്ങളെ മത്സരത്തിൽ പങ്കെടുപ്പിച്ചതിനു കേരളത്തിൽനിന്ന് ഇടുക്കി രൂപതയും, കേരളത്തിനു പുറത്തുനിന്ന് ഉജ്ജയിൻ രൂപതയും പ്രോത്സാഹനസമ്മാനങ്ങൾ സ്വന്തമാക്കി. വിജയികൾക്കുള്ള സമ്മാനത്തുകയും പ്രശസ്തി പത്രവും അതാതു രൂപതകളിലെ മെത്രാന്മാർ സിനഡുസമ്മേളനത്തിനിടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിലിൽ പിതാവിൽനിന്ന് ഏറ്റുവാങ്ങി.

സീറോമലബാർസഭയുടെ ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുന്ന 35 രൂപതകളിലെയും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷനിലേയും ഗൾഫ് മേഖലയിലേയും വിശ്വാസികൾ പങ്കെടുത്ത ഓൺലൈൻ ക്വിസ് മത്സരമാണ് മിഷൻ ക്വസ്റ്റ്. 2024 ഡിസംബർ 14ന് സീറോമലബാർ മിഷനും വിശ്വാസപരിശീലന കമ്മീഷനും സംയുക്തമായി നടത്തിയ മത്സരത്തിന്റെ രൂപതാതല വിജയികളെ ഡിസംബർ 18നു സീറോമലബാർ മിഷൻ വെബ്സൈറ്റിലൂടെ www.syromalabarmission.com പ്രഖ്യാപിച്ചിരുന്നു. ദൈവവചനവും, സഭാപ്രബോധനവും, സഭയുടെ മിഷൻ പ്രവർത്തങ്ങളും ആഴത്തിൽ അറിയുവാനും സ്നേഹിക്കുവാനും അവസരമൊരുക്കുന്ന മിഷൻ ക്വസ്റ്റ്ന് വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, സീറോമലബാർ മിഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, സി. ജിൻസി ചാക്കോ എം.എസ്.എം.ഐ, സി. മെർലിൻ ജോർജ് എം.എസ്.എം.ഐ എന്നിവർ നേതൃത്വം നല്കി.


Related Articles »