News - 2025

ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടല്‍; 553 തടവുകാരെ മോചിപ്പിക്കുമെന്ന് ക്യൂബൻ സർക്കാർ

പ്രവാചകശബ്ദം 16-01-2025 - Thursday

ഹവാന: ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടലില്‍ 553 തടവുകാരെ മോചിപ്പിക്കുമെന്ന് ക്യൂബൻ സർക്കാരിന്റെ പ്രഖ്യാപനം. 2025-ലെ ജൂബിലിയുടെ പശ്ചാത്തലത്തില്‍ ക്യൂബന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ വത്തിക്കാന്‍ സന്തോഷം പ്രകടിപ്പിച്ചു. 2025-ലെ ജൂബിലിയുടെ പശ്ചാത്തലത്തില്‍ 553 പേർക്ക് സ്വാതന്ത്ര്യം നൽകാനുള്ള തീരുമാനം അറിയിച്ചുക്കൊണ്ട് ക്യൂബന്‍ പ്രസിഡൻ്റ് മിഗുവൽ ഡയാസ്-കാനൽ ഫ്രാന്‍സിസ് പാപ്പയ്ക്കു കത്ത് അയച്ചു.

2024 ഡിസംബർ 24-ന് വത്തിക്കാനിൽ ആരംഭിച്ച പ്രത്യാശയുടെ 2025 ജൂബിലി വർഷത്തിൽ തടവുകാരെ മോചിപ്പിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തെ പരാമർശിക്കുന്നതാണ് ക്യൂബയുടെ പ്രസ്താവന. നേരത്തെ 2025 ജൂബിലി വർഷം പ്രഖ്യാപിച്ചുള്ള "സ്‌പേസ് നോൺ കൊൺഫൂന്തിത്" എന്ന ഔദ്യോഗികരേഖയില്‍, വ്യക്തികളെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുന്നതിന് പ്രത്യാശ, പൊതുമാപ്പ് എന്നിവ സർക്കാരുകൾ ഏറ്റെടുക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തിരിന്നു.

വത്തിക്കാൻ ഭരണകൂടവുമായുള്ള സുഗമമായ ബന്ധത്തിന്റെ ഭാഗമായി ക്യൂബൻ ഗവൺമെൻ്റ് ഫ്രാൻസിസ് മാർപാപ്പയുമായും വത്തിക്കാന്‍ പ്രതിനിധികളുമായും അടുത്തിടെ ആശയവിനിമയം നടത്തിയിരിന്നു. 1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ നടത്തിയ ചരിത്രപരമായ ക്യൂബന്‍ സന്ദർശനത്തിന് കാല്‍ നൂറ്റാണ്ട് തികഞ്ഞ വേളയില്‍ 2023 ജൂണിൽ ഡയാസ്-കാനലും ഫ്രാൻസിസ് പാപ്പയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരിന്നു. 2023- 2024 കാലയളവില്‍ സ്വാതന്ത്ര്യം ഹനിക്കപ്പെട്ട പതിനായിരത്തിലധികം പേരെ മോചിപ്പിക്കാൻ ഈ കൂടിക്കാഴ്ച കാരണമായി. 2022 ഓഗസ്റ്റിൽ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പരില്ലയും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »