News
മെഡ്‌ജുഗോറിയയിലേക്ക് വിശ്വാസികളെ ക്ഷണിച്ച് മാര്‍പാപ്പയുടെ പ്രതിനിധി
പ്രവാചകശബ്ദം 16-01-2025 - Thursday
ബോസ്നിയ: സുദീർഘമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷം മെഡ്‌ജുഗോറിയയിലെ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രവുമായി ബന്ധപ്പെട്ട ആത്മീയനന്മകൾ വത്തിക്കാന്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ തീര്‍ത്ഥാടനത്തിന് വിശ്വാസികളെ സ്വാഗതം ചെയ്ത് തീര്‍ത്ഥാടന കേന്ദ്രത്തിലെ അപ്പസ്തോലിക പ്രതിനിധി ആർച്ച് ബിഷപ്പ് അൽഡോ കവല്ലി. ''അനുസ്യൂതം മുന്നോട്ടുപോകൂ! അവിടെ പോകൂ, കാരണം അത് കൃപയുടെ സ്ഥലമാണ്, നിങ്ങൾ അവിടെ കർത്താവിനെ കണ്ടുമുട്ടുകയും കർത്താവ് നിങ്ങളെ കണ്ടുമുട്ടുകയും ചെയ്യുന്നു''വെന്ന് വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആർച്ച് ബിഷപ്പ് അൽഡോ പറഞ്ഞു.
1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്. എന്നാല്‍ സഭാതലത്തില്‍ ഔദ്യോഗിക തീര്‍ത്ഥാടനങ്ങളൊന്നും മെഡ്ജുഗോറിയിലേക്ക് സംഘടിപ്പിച്ചിരുന്നില്ല. 2017 ഡിസംബറില്‍ രൂപതകള്‍ക്കും, സഭാ സംഘടനകള്‍ക്കും മെഡ്ജുഗോറിയിലേക്ക് ഔദ്യോഗിക തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കഴിയുമെന്ന് അന്നത്തെ വത്തിക്കാന്‍ പ്രതിനിധിയായ ഹെന്‍റിക്ക് മെത്രാപ്പോലീത്ത വ്യക്തമാക്കിയിരിന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവേൽ ഫെർണാണ്ടസ് ഒപ്പിട്ട് പ്രസിദ്ധീകരിച്ച രേഖയില്‍ മെഡ്‌ജുഗോറിയയിലെ തീര്‍ത്ഥാടന കേന്ദ്രത്തിലെ പൊതുവായ വണക്കത്തിന് അംഗീകാരം നല്‍കിയിരിന്നു. ആരോഗ്യകരമായ വിശ്വാസജീവിതത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് ഈ മരിയന്‍ കേന്ദ്രം മുന്നോട്ടുവെയ്ക്കുന്നതെന്നും നിരവധിയാളുകളാണ് ഇവിടെ നിന്നു വിശ്വാസം തിരികെ കണ്ടെത്തി പരിവർത്തനത്തിലേക്ക് എത്തിയതെന്നും പരിശുദ്ധ സിംഹാസനം പ്രസ്താവിച്ചിരിന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟