News - 2025
സീറോ മലബാർ സിനഡൽ കമ്മീഷനുകൾ പുനസംഘടിപ്പിച്ചു
പ്രവാചകശബ്ദം 18-01-2025 - Saturday
കാക്കനാട്: സീറോമലബാർസഭയുടെ യുവജന കമ്മീഷനും പബ്ലിക് അഫയേഴ്സ് കമ്മീഷനും പുനസംഘടിപ്പിച്ചു. സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന മുപ്പത്തിമൂന്നാമത് സിനഡിന്റെ സമ്മേളനത്തിലാണ് പുനസംഘടനകൾ നടന്നത്. യുവജന കമ്മീഷൻ ചെയർമാനായി പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിനെയും കമ്മീഷൻ അംഗങ്ങളായി ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിനെയും ഷംഷാബാദ് രൂപതയുടെ സഹായ മെത്രാൻ മാർ തോമസ് പാടിയത്തിനെയും നിയമിച്ചു.
യുവജന കമ്മീഷനെ ഇതുവരെ നയിച്ച ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിലും അംഗങ്ങളായ മാർ എഫ്രേം നരിക്കുളവും മാർ ജോസ് പുത്തൻവീട്ടിലും കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് പുതിയ നിയമനങ്ങൾ. പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്തിനെയും കൺവീനർ മാർ തോമസ് തറയിലിനെയും കമ്മീഷൻ അംഗങ്ങളായ മാർ റമിജിയോസ് ഇഞ്ചനാനിയിലിനെയും മാർ ജോസഫ് പാംപ്ലാനിയെയും പുനർനിയമിക്കുകയും മാർ തോമസ് ചക്യേത്തിന് പിതാവിനു പകരം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിനെ കമ്മീഷൻ അംഗമായി നിയമിക്കുകയും ചെയ്തു.