News - 2025

ക്രൈസ്തവ പീഡനം രൂക്ഷമായ ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്

പ്രവാചകശബ്ദം 20-01-2025 - Monday

വാഷിംഗ്ടണ്‍ ഡി‌സി: ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം സംബന്ധിച്ച് അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനവും ചര്‍ച്ചയാകുന്നു. ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് ഇവാഞ്ചലിക്കൽ സംഘടനയായ 'ഓപ്പണ്‍ ഡോഴ്സ്', ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട വേൾഡ് വാച്ച് ലിസ്റ്റ് 2025 (WWL) റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന്‍ തീവ്രവാദികള്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്. ഇതിന് തൊട്ടുപിന്നിലാണ് ഇന്ത്യ. തീവ്ര ഇസ്ലാമിക രാജ്യമായ സൌദി അറേബ്യയാണ് പന്ത്രണ്ടാം സ്ഥാനത്ത്.

ഭാരതത്തിന്റെ ക്രൈസ്തവ വിരുദ്ധ പീഡനത്തിന്റെ തോത് നൂറില്‍ 84 എന്ന രീതിയിലാണ് ഓപ്പണ്‍ ഡോഴ്സ് മാര്‍ക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ തോത് 1% ഉയര്‍ന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഹിന്ദു ദേശീയവാദം ക്രൈസ്തവര്‍ക്ക് ഭീഷണിയാകുന്നുണ്ടെന്നും ഈ ചിന്താഗതി രാജ്യത്തുടനീളം അക്രമാസക്തമായ ആക്രമണങ്ങൾക്കു വഴി തെളിയിച്ചിട്ടുണ്ടെന്നും അധികാര നേതൃനിരയില്‍ ഉള്ളവര്‍ ആകുമ്പോള്‍ ആക്രമണ നിരക്ക് വര്‍ദ്ധിക്കുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ദേശീയ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നു. കൂടുതൽ സംസ്ഥാനങ്ങൾ മതപരിവർത്തന വിരുദ്ധ നിയമങ്ങൾക്കു പ്രാധാന്യം നല്‍കിയെന്ന് ഓപ്പണ്‍ ഡോഴ്സ് ചൂണ്ടിക്കാട്ടുന്നു.

വിശ്വാസം സാക്ഷ്യപ്പെടുത്തുന്ന ഏതൊരു ക്രിസ്ത്യാനിയെയും കുറ്റാരോപിതരാക്കാനും ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും കഴിയുന്ന അന്തരീക്ഷം വിവിധയിടങ്ങളില്‍ സൃഷ്ടിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശ് നിലവിലുള്ള മതപരിവർത്തന വിരുദ്ധ നിയമം കർശനമാക്കി. ജീവപര്യന്തം തടവ് വരെ ഈ സംസ്ഥാനത്തു ചേര്‍ത്തുവെന്നും 'ഓപ്പണ്‍ ഡോഴ്സ്' പറയുന്നു. അതേസമയം പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് ഭാരതത്തിലെ പീഡിത ക്രൈസ്തവര്‍ക്ക് അടിയന്തര സഹായവും, പീഡന അതിജീവന പരിശീലനം, ഉപജീവന-സാമൂഹിക വികസന പദ്ധതികളും ലഭ്യമാക്കുന്നുണ്ടെന്നും ഓപ്പണ്‍ ഡോഴ്സ് വ്യക്തമാക്കി.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »