News - 2025
ഫിൻലാന്റില്‍ നിന്നുള്ള എക്യുമെനിക്കല്‍ സംഘം മാര്‍പാപ്പയെ സന്ദര്‍ശിച്ചു
പ്രവാചകശബ്ദം 21-01-2025 - Tuesday
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യവാരത്തിന്റെ പശ്ചാത്തലത്തില്‍ ഫിൻലാന്റില്‍ നിന്നുള്ള എക്യുമെനിക്കല്‍ സംഘം വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ ജനുവരി ഇരുപതാം തീയതിയാണ് ക്രൈസ്തവ പ്രതിനിധി സംഘം വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചത്.വിശുദ്ധ ഹെൻട്രിയുടെ തിരുനാളിനോടനുബന്ധിച്ചു റോമിൽ എത്തിച്ചേർന്ന പ്രതിനിധി സംഘത്തെ ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ സ്വീകരിച്ചു. ഫിൻലൻഡിലെ ഓർത്തോഡോക്സ് സഭയുടെ പുതിയ തലവൻ ആര്‍ച്ച് ബിഷപ്പ് ഏലിയാ, ഹെൽസിങ്കി രൂപതയുടെ അധ്യക്ഷൻ മോൺ. റായിമോ ഗോയറോള, മോൺ. മാത്തി സലോമാകി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
പ്രതിനിധി സംഘത്തെ സ്വീകരിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം മാര്‍പാപ്പ പ്രകടിപ്പിച്ചു. ഓർത്തോഡോക്സ്, കത്തോലിക്ക, ലൂഥറൻ സഭാസമൂഹങ്ങളിൽ നിന്നുള്ളവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. "പ്രത്യാശയുടെ തീർത്ഥാടകർ" എന്ന നിലയിൽ 2025 ജൂബിലി വർഷത്തിൽ നാം ഒരുമിച്ചു യാത്ര ചെയ്യുകയാണെന്നും, വിശ്വാസത്തിന്റെ ഈ യാത്രയിൽ പ്രത്യാശയോടെ മുന്നോട്ടു നീങ്ങണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
സമാധാനത്തിന്റെ സന്ദേശവാഹകനെന്ന നിലയിൽ വിശുദ്ധ ഹെൻട്രിയുടെ സമാധാനത്തിനായി പ്രാർത്ഥനകൾ ഒരിക്കലും നിർത്തരുതെന്നും പാപ്പ ഓർമ്മപ്പെടുത്തി. സ്നേഹത്തിന്റെ പ്രകടനമായ ക്രിസ്തുവിന്റെ അവതാരത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് എക്യൂമെനിക്കൽ സേവനത്തിന്റെ കാതലെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. പ്രതിനിധി സംഘത്തോടൊപ്പം എത്തിച്ചേർന്ന ഗായകസംഘത്തിനും പാപ്പ നന്ദിയർപ്പിച്ചു.