India - 2025

ഫാ. ജെയിംസ് കൊക്കാവയലില്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സെക്രട്ടറി

പ്രവാചകശബ്ദം 27-02-2025 - Thursday

കാക്കനാട്: സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സെക്രട്ടറിയായി ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ജെയിംസ് കൊക്കാവയലില്‍ നിയമിതനായി. നിലവിലെ സെക്രട്ടറി ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാർ ആന്‍ഡ്രൂസ് താഴത്ത് പിതാവാണ് പെര്‍മനന്‍റ് സിനഡിന്‍റെ അംഗീകാരത്തോടെ നിയമനം നടത്തിയത്. 2020 നവംബര്‍ മാസം മുതല്‍ കമ്മീഷന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറിയായി ഫാ. ജെയിംസ് പ്രവര്‍ത്തിച്ചുവരികയായിരുന്നു.

2020 ജനുവരി മാസത്തിൽ നടന്ന സിനഡിന്റെ തീരുമാനപ്രകാരമാണ് സഭയും സമൂഹവുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങൾ പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി സീറോമലബാർസഭയിൽ പബ്ലിക് അഫയേഴ്സ് കമ്മീഷൻ നിലവിൽ വന്നത്. 2025 ജനുവരി മാസത്തിൽ നടന്ന സിനഡിൽ കമ്മീഷൻ അംഗങ്ങളുടെ കാലാവധി അഞ്ചുവർഷത്തേയ്ക്കുകൂടി നീട്ടിക്കൊണ്ട് മേജർ ആര്‍ച്ച് ബിഷപ്പ് കല്പന പുറപ്പെടുവിച്ചിരുന്നു. തൃശൂർ ആര്‍ച്ച് ബിഷപ്പ് മാർ ആന്‍ഡ്രൂസ് താഴത്ത് ചെയർമാനും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിൽ കൺവീനറുമായ കമ്മീഷനിൽ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, താമരശ്ശേരി ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയിൽ, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ എന്നിവർ അംഗങ്ങളാണ്.

2010-ൽ പൗരോഹിത്യപട്ടം സ്വീകരിച്ച ഫാ. ജെയിംസ് കൊക്കാവയലിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമാ വിദ്യാനികേതന്റെ ഡീൻ ഓഫ് സ്റ്റഡീസ്, സത്യദർശനം മാസികയുടെ ചീഫ് എഡിറ്റർ, പബ്ലിക് റിലേഷൻസ് ജാഗ്രതാവേദിയുടെ ഡയറക്ടർ, എക്യുമെനിസം ആൻഡ് ഇന്റർ റിലീജിയസ് ഡയലോഗിന്റെ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി അവയർനസ് ആൻഡ് റൈസ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചുവരുന്നു.


Related Articles »