News - 2025

വത്തിക്കാൻ ഗവർണറേറ്റിന് രണ്ട് ജനറൽ സെക്രട്ടറിമാരെ നിയമിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 27-02-2025 - Thursday

വത്തിക്കാന്‍ സിറ്റി: ചരിത്രത്തില്‍ ആദ്യമായി വത്തിക്കാൻ ഗവർണറായി സന്യാസിനിയെ നിയമിച്ചതിന് പിന്നാലെ ഗവർണറേറ്റിന് രണ്ട് ജനറൽ സെക്രട്ടറിമാരെ കൂടി നിയമിച്ച് ഫ്രാൻസിസ് പാപ്പ. ഗവർണറേറ്റിന്റെ ജനറൽ സെക്രട്ടറിമാരായി ആര്‍ച്ച് ബിഷപ്പ് എമിലിയോ നാപ്പാ, അഡ്വ. ജ്യുസേപ്പേ പുലീസി അലിബ്രാന്തി എന്നിവരെയാണ് ഫ്രാൻസിസ് പാപ്പ നിയമിച്ചിരിക്കുന്നത്. ഇവര്‍ മറ്റന്നാള്‍ മാർച്ച് ഒന്ന് ശനിയാഴ്ച പുതിയ സ്ഥാനമേൽക്കും. ഗവർണറേറ്റിന്റെ ആദ്യ വനിത പ്രസിഡന്റായി നിയമിക്കപ്പെട്ട സി. റഫായേല്ല പെട്രീനിയും ഇതേ ദിവസമായിരിക്കും സ്ഥാനമേറ്റെടുക്കുക.

ഇതാദ്യമായാണ് ഗവർണറേറ്റിന് രണ്ട് ജനറൽ സെക്രട്ടറിമാരെക്കൂടി നിയമിക്കുന്നത്. വത്തിക്കാന്റെ നിലവിലുള്ള അടിസ്ഥാന നിയമാവലിയിൽ മാറ്റമുണ്ടാക്കിയാണ് പുതിയ നിയമനമെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ നവസുവിശേഷവത്കരണത്തിനുള്ള വിഭാഗത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ആര്‍ച്ച് ബിഷപ്പ് എമിലിയോ നാപ്പ, ഗവർണറേറ്റിന്റെ ഉപജനറൽ സെക്രട്ടറിയായി സേവനം ചെയ്തിരുന്ന അഡ്വ. ജ്യുസേപ്പേ പുലീസി അലിബ്രാന്തി എന്നിവരെയാണ് പുതിയ തസ്തികയിലൂടെ ഉത്തരവാദിത്വം നല്‍കി ഉയര്‍ത്തിയിരിക്കുന്നത്.

2023 മെയ് 13-ന് നവീകരിക്കപ്പെട്ട വത്തിക്കാന്റെ അടിസ്ഥാനനിയമാവലിയിലും, വത്തിക്കാൻ രാജ്യത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട ഇരുന്നൂറ്റിയെഴുപത്തിനാലാമത് നിയമത്തിലും (2018 നവംബർ 25) ഭേദഗതി വരുത്തിയാണ് നിയമനങ്ങള്‍. മാർച്ച് ഒന്നാം തീയതി സ്ഥാനമേറ്റെടുക്കുന്ന പുതിയ ജനറൽ സെക്രട്ടറിമാർക്ക്, പ്രത്യേകമായ ചുമതലകളും ഉത്തരവാദിത്വങ്ങളും നൽകാനുള്ള അധികാരം, ഗവർണറേറ്റിന്റെ പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്ന സി. റഫായേല്ല പെട്രീനിക്ക് പാപ്പ നൽകി.


Related Articles »