News - 2025
ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരുടെ കുരിശും ബൈബിളും പിടിച്ചെടുത്ത് വടക്കൻ ഇറാന്‍ ഭരണകൂടം
പ്രവാചകശബ്ദം 27-02-2025 - Thursday
ടെഹ്റാന്‍: ഏറ്റവും അധികം പേര്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന രാജ്യമെന്ന നിലയില്‍ പേരുകേട്ട ഇറാനില്‍ ഭരണകൂട അടിച്ചമര്‍ത്തല്‍ വീണ്ടും. വടക്കൻ ഇറാനിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച എണ്‍പതോളം പേരുടെ സമ്മേളനത്തിൽ ഇറാനിയൻ അധികാരികൾ റെയ്ഡ് നടത്തി. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ (ഐആർജിസി) ഏജൻ്റുമാർ ഗാറ്റാബിൽ നടന്ന കൂട്ടായ്മയിലേക്ക് ഇരച്ചുകയറുകയും ബൈബിളുകളും കുരിശുകളും ഫോണുകളും സംഗീതോപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ഇറാനിയന്‍ ക്രിസ്ത്യന്‍ മാധ്യമമായ 'മൊഹാബത്ത് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു.
സംഘത്തില്‍ ഉണ്ടായിരിന്നവര്‍ വിശ്വാസികളുടെ കഴുത്തിൽ നിന്ന് കുരിശുകൾ പറിച്ചെടുക്കുകയും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പാസ്‌വേഡുകൾ വെളിപ്പെടുത്താൻ നിർബന്ധിക്കുകയും ചെയ്തു. സോമയെ റജാബി എന്ന ക്രൈസ്തവ യുവതിയെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുണ്ട്. ഇറാനിയൻ ഗവൺമെൻ്റ് ഇസ്ലാമിക് റിപ്പബ്ലിക്കാണ്. രാജ്യത്തെ എല്ലാ നിയമനിർമ്മാണങ്ങളും ഇസ്ലാമിന് അനുസൃതമായിട്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്. നിയമത്തിനു കീഴിൽ, മുഹമ്മദ് നബിയെ അപമാനിച്ചാല്‍ വധശിക്ഷയാണ് കണക്കാക്കിയിരിക്കുന്നത്.
ഇറാൻ്റെ നീതിന്യായ മന്ത്രാലയം ദേശീയ സുരക്ഷാ ആരോപണങ്ങള്‍ ഉന്നയിച്ച് ക്രൈസ്തവരെ വിചാരണയ്ക്കു വിധേയമാക്കുന്നത് പതിവാണെന്ന് ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ കൺസേണ്‍ (ഐസിസി) റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുന്ന ഏഷ്യന്‍ രാജ്യമാണ് ഇറാന്‍. ക്രൈസ്തവ വിശ്വാസം അതിവേഗം വളർന്നു കൊണ്ടിരിക്കുമ്പോഴും, രാജ്യം ഭരിക്കുന്ന ഇസ്ലാമിക ഭരണകൂടം ക്രൈസ്തവര്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരായ രക്തരൂക്ഷിതമായ പ്രചാരണം നടത്തിവരികയാണ്. അമേരിക്ക ആസ്ഥാനമായ ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാന്‍.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
