News - 2019

മദര്‍ തെരേസയുടെ മാദ്ധ്യസ്ഥം മൂലം അത്ഭുതസൗഖ്യം ലഭിച്ച മോനിക്ക ബസ്‌റക്കു ഇത് ധന്യ നിമിഷം

സ്വന്തം ലേഖകന്‍ 05-09-2016 - Monday

ഡനോഗ്രാം: പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂരിലുള്ള മോനിക്ക ബസ്‌റയ്ക്ക് ഇന്നലെ സന്തോഷത്തിന്റെ ദിനമായിരുന്നു. അഗതികളുടെ അമ്മയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിയപ്പോള്‍ മോനിക്ക ബസ്‌റ തന്റെ നാട്ടുകാര്‍ക്ക് മധുരം നല്‍കിയാണ് ആ സന്തോഷം പങ്കുവച്ചത്. ഗോത്രവിഭാഗത്തില്‍പ്പെടുന്ന മോനിക്ക ബസ്‌റയ്ക്ക് ലഭിച്ച അത്ഭുത സൗഖ്യമാണ് മദര്‍തെരേസയെ മുമ്പ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ വത്തിക്കാന്‍ അംഗീകരിച്ച അത്ഭുതം.

താന്‍ മാത്രമല്ല മദറിന്റെ മാധ്യസ്ഥതയാല്‍ അനുഗ്രഹം പ്രാപിച്ചതെന്ന് ഈ വീട്ടമ്മ പറയുന്നു. നൂറുകണക്കിനാളുകള്‍ക്ക് സൗഖ്യം ലഭിക്കുവാന്‍ മദറിന്റെ മാധ്യസ്ഥം വഴിതെളിയിച്ചിട്ടുണ്ടെന്നും തന്റെ സൗഖ്യം വത്തിക്കാന്‍ ഔദ്യോഗിക നടപടിക്രമങ്ങളില്‍ ഉള്‍പ്പെടുത്തിയതില്‍ ഏറെ സന്തോഷവതിയാണെന്നും മോനിക്ക കൂട്ടിച്ചേര്‍ത്തു. മദര്‍ തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങുകള്‍ ടിവിയിലൂടെയാണ് മോനിക്ക ബസ്‌റ കണ്ടത്. ഭര്‍ത്താവ് സെല്‍ക്കുവും, ഏറ്റവും ഇളയമകന്‍ ഗോപിനാഥും മകള്‍ സലോനിയും ഒപ്പം വിവിധ മതസ്ഥരായ നാട്ടുകാരും മോനിക്കയുടെ വീട്ടിലിരുന്നു ചടങ്ങുകള്‍ വീക്ഷിച്ചു.

വീട്ടില്‍ എത്തിയ എല്ലാവരും മോനിക്കയെ അഭിനന്ദിച്ചു. ലോകം വണങ്ങുന്ന മദര്‍തെരേസയുടെ വിശുദ്ധ പദവിയിലേ ഒരു നാഴികകല്ലായി മാറുവാനും, അതിലൂടെ ചരിത്രത്തിന്റെ ഭാഗമാകുവാനും ദൈവം തന്നെ തെരഞ്ഞെടുത്തതിലുള്ള സന്തോഷത്തിലാണ് മോനിക്ക ബസ്‌റയെന്ന ഈ ഗോത്രവിഭാഗത്തില്‍പ്പെടുന്ന സ്ത്രീ. നേരത്തെ മോനിക്ക ബസ്‌റയുടെ ഉദരത്തിൽ ബാധിച്ച ട്യൂമർ മാറില്ലെന്ന് ഡോക്ടർമാർ വിധിയെഴുത്തു നടത്തിയിരിന്നു. ഇതേത്തുടർന്ന് ഇവർ കൊൽക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റിയിലെത്തി മദർ തെരേസയുടെ മധ്യസ്ഥതയിൽ പ്രാർഥിച്ചു. മദർ മരിച്ച് ഒരുവർഷം പിന്നിട്ട ദിനം ട്യൂമർ അപ്രത്യക്ഷമായതായി കണ്ടെത്തി.

മദർ തെരേസയുടെ വിയോഗത്തിനു പിന്നാലെ 1998ലാണു യുവതിയുടെ ഗര്‍ഭാശയ അര്‍ബുദം ഭേദമായതായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വൈദ്യശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത അദ്ഭുതകരമായ രോഗശാന്തിയായി ഇതിനെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം വിലയിരുത്തി. ഇക്കാര്യം കൊൽക്കത്തയിലെ രൂപതാധികൃതർ വഴി വത്തിക്കാനിലെത്തി നാമകരണ നടപടികൾ ആരംഭിക്കുകയായിരിന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക