Daily Saints

September 15: വ്യാകുല മാതാവിന്റെ തിരുനാൾ

സ്വന്തം ലേഖകന്‍ 15-09-2020 - Tuesday

പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം അനുസ്മരിക്കുന്ന ദിനമാണ്‌ ‘വ്യാകുല മാതാവിന്റെ തിരുനാൾ’. വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും തന്നെയാണ്‌ ഇതിന്റെ ഉത്ഭവത്തിന്‌ ഉറവിടം. തിരുസങ്കടങ്ങളോടുള്ള ഭക്തി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സെർവൈറ്റുകളാണ്‌ ഈ തിരുനാൾ ആദ്യമായി ആരംഭിച്ചത്. നാടു കടത്തപ്പെട്ട് ദുരിതത്തിലായിരുന്നപ്പോൾ മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയാൽ അവസാനം വിമോചിതനായ പിയൂസ് ഏഴാമനാണ്‌, 1817-ൽ ഇത് സഭയുടെ ആഗോള തിരുനാളായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തിരുന്നാളിന്‌ പന്ത്രണ്ടാം നൂറ്റാണ്ടോളം പാരമ്പര്യമുണ്ട്. സിസ്റ്റർഷീയരും സെർവൈറ്റുകളുമാണ്‌ ഇത് പ്രോൽസാഹിപ്പിച്ചത്.

തൽഫലമായി, പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ ഇത് കത്തോലിക്കാ സഭയിൽ ആകമാനമായി ആഘോഷിക്കപ്പെട്ടു. 1482-ൽ ‘കാരുണ്യമാതാവ്’ എന്ന പേരില്‍ ഈ തിരുന്നാൾ കുർബാന ക്രമ പുസ്തകത്തിൽ ഉൾപ്പെടുത്തപ്പെട്ടു. ഓശാനാ ഞായറിന്റെ തലേ വെള്ളിയാഴ്ചയിലായി 1727-ൽ ബനഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പയാണ്‌ ഇത് റോമൻ കലണ്ടറിൽ നിജപ്പെടുത്തിയത്. 1913-ൽ പിയൂസ് പത്താമൻ പാപ്പയാണ്‌ തിരുനാള്‍ സെപ്റ്റംബർ 15-നു നടത്താന്‍ നിശ്ചയിച്ചത്.

ക്രിസ്തുവിന്റെ പീഢാനുഭവ വേളയിലും, മരണ സമയത്തും, മാതാവ്‌ അനുഭവിച്ച അതികഠിനമായ വ്യഥയെ കേന്ദ്രീകരിച്ചു കൊണ്ടാണ്‌ ‘വ്യാകുല മാതാവ്’ എന്ന വിശേഷണ നാമം നൽകപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടിൽ, ‘ഏഴ് വ്യാകുലതകൾ’ എന്ന പേരിൽ ഈ തിരുന്നാൾ ആചരിക്കപ്പെട്ടത്. വിമല ഹൃദയത്തിലൂടെ കടന്നു പോയ ഏഴ് വാളുകളെ ഉദ്ദേശിച്ചാണ്‌. മാതാവിന്റെ ജനന ദിനമായ സെപ്റ്റംബർ എട്ടിന്‌ ശേഷമുള്ള ഏഴ് ദിവസം കഴിഞ്ഞിട്ടുള്ള സെപ്റ്റംബർ15-കണക്ക് കൂട്ടിയിട്ടുള്ളത്. (ഫാ. പോൾ ഹാഫ്നറുടെ ‘വ്യാകുല മാതാവ്’ എന്ന പുസ്തകത്തിൽ നിന്നും എടുത്തിട്ടുള്ളത് - Inside the Vatican, sept.2004).

തന്റെ സ്വർഗ്ഗീയ പുത്രന്റെ കഷ്ടതയിലുള്ള ദൈവമാതാവായ മറിയത്തിന്റെ അതികഠിനമായ വേദനയാണ് ഈ തിരുന്നാൾ സമർപ്പിച്ചിരിക്കുന്നത്. മാനസിക കഷ്ടത അനുഭവിച്ച്, സഹ വീണ്ടെടുപ്പുകാരിയായി ഭവിച്ച പരിശുദ്ധ അമ്മ പാപത്തേയും, പശ്ചാത്താപത്തിലേക്കുള്ള യഥാർത്ഥ മാർഗ്ഗത്തേയും, നമ്മേ ഓർമ്മപെടുത്തുന്നു.

ബൈബിളിൽ നാം കാണുന്ന മാതാവിന്റെ ഏഴ് വ്യാകുലതകൾ:-

1) ശിമയോന്റെ പ്രവചനം (ലൂക്ക 2:25-35)

2) ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:13-15).

3) ബാലനായ യേശുവിന്റെ മൂന്നുദിവസത്തെ തിരോധാനം (ലൂക്ക 2:41-50).

4) കാൽവരിയിലേക്കുള്ള വഴിയിൽ, മേരി യേശുവിനെ കാണുന്നു (ലൂക്ക 23:27-31).

5) യേശുവിന്റെ ക്രൂശ്ശിതാവസ്ഥയും മരണവും (യോഹ.19:25-30).

6) യേശുവിന്റെ ശരീരം കുരിശ്ശിൽ നിന്നും ഇറക്കുന്നു. (സങ്കീ.130; ലൂക്ക 23:30-54; യോഹ 19:31-37).

7) യേശുവിന്റെ മൃതസംസ്കാരം (ഏശയ്യ 53:8; ലൂക്കാ 23:50-56; മർക്കോ 15:40-47).

ദൈവമാതാവിന്റെ നിരവധിയായ കണ്ണീർധാരകൾ, നമ്മേ രക്ഷാമാർഗ്ഗത്തിലേക്ക് നയിക്കട്ടെ. തന്റെ പ്രിയ പുത്രന്‍ അനുഭവിച്ച വേദനകളെ സന്തോഷപൂര്‍വ്വം ഉള്‍കൊണ്ട പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നമ്മുടെ വേദനകള്‍ പിതാവായ ദൈവത്തിന്റെ സന്നിധിയില്‍ നമ്മുക്ക് സമര്‍പ്പിക്കാം.

ഇതര വിശുദ്ധര്‍

1. ക്ലെയര്‍വോനോവീസ് ഗുരുവായിരുന്ന അക്കാര്‍ഡ്

2. ജര്‍മ്മനിയിലെ ബിഷപ്പായിരുന്ന അല്‍ബീനൂസ്

3. ഫ്രാന്‍സിലെ അപ്രൂസ്

4. ബുര്‍ഗേരിയായിലെ അസ്കളെപിയോഡോത്തൂസ്, മാക്സിമൂസ്, തെയോഡോര്‍

5. ജനോവയിലെ കാഥറൈന്‍

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »