News - 2024

കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ ആദരിച്ച് ത്രിപുര ജനത; സമാധാന റാലിയില്‍ പങ്കെടുത്തത് നാനാജാതി മതസ്ഥര്‍

സ്വന്തം ലേഖകന്‍ 12-09-2016 - Monday

അഗര്‍ത്തല: വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തിയ മദര്‍ തെരേസയോടുള്ള ആദരസൂചകമായി ത്രിപുരയില്‍ സമാധാന റാലി നടത്തി. നാനാജാതി മതസ്ഥരായ ത്രിപുരയിലെ ജനങ്ങള്‍ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ അനുസ്മരിക്കുവാനും അവരുടെ സന്തോഷവും പ്രാര്‍ത്ഥനകളും അര്‍പ്പിക്കുവാനും റാലിയില്‍ സംബന്ധിച്ചു. റാലിയില്‍ അണിനിരന്ന മുതിര്‍ന്ന കുട്ടികള്‍ ബാന്റ് മേളം നടത്തിയപ്പോള്‍, കൊച്ചു കുട്ടികള്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളുടെ വേഷം ധരിച്ചാണ് റാലിയിലെ തങ്ങളുടെ പങ്കാളിത്തം ശോഭനമാക്കിയത്.

രവീന്ദ്ര സെന്‍ട്രല്‍ ഹാള്‍ പരിസരത്തു നിന്നും ആരംഭിച്ച റാലി നഗരത്തിലൂടെ ചുറ്റി സഞ്ചരിച്ചു. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ രോഗികളെ ശുശ്രൂഷിക്കുന്ന പല സന്ദര്‍ഭങ്ങളും റാലിയില്‍ ടാബ്ലോയായി ചിത്രീകരിച്ചിരുന്നു. വിവിധ ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ അവരുടെ തനതായ വേഷത്തിലാണ് സമാധാന റാലിയില്‍ പങ്കെടുത്തത്. റോമില്‍ നടന്ന വിശുദ്ധ പദ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്ത ബിഷപ്പ് ലുമെന്‍ മൊണ്ടിറോയും സമാധാന റാലിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു.

"കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ അനുസ്മരിച്ചും അവരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ ആഹ്ലാദിച്ചും നടത്തപ്പെടുന്ന ഈ റാലിയില്‍ പങ്കെടുക്കുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ത്രിപുരയെ ഏറെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു മദര്‍തെരേസ. അഗര്‍ത്തലയില്‍ എത്തിയ മദര്‍തെരേസ അവിടെയും, കുമാര്‍ഘട്ടിലും പാവങ്ങളെ ശുശ്രൂഷിക്കുന്നതിനുള്ള ആശ്രമങ്ങള്‍ ആരംഭിച്ചു. വിദ്യാലയങ്ങളില്‍ സന്ദര്‍ശനം നടത്തിയ മദര്‍ തെരേസ അവിടുത്തെ പ്രദേശവാസികളെ ഏറെ സ്‌നേഹിച്ചിരുന്നു. മദര്‍തെരേസയോടുള്ള അവരുടെ സ്നേഹവും ആദരവും വളരെ വലുതായിരിന്നു". ബിഷപ്പ് ലുമെന്‍ മൊണ്ടിറോയി പറഞ്ഞു.

റാലിയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹൈന്ദവ മതവിശ്വാസിയായ സുമിത റോയ് പറഞ്ഞു. "ഞാന്‍ ഹിന്ദുവാണ്. സമാധാനമാണ് ഇന്നത്തെ ലോകത്തിന് ഏറ്റവും ആവശ്യമുള്ളതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ സമാധാനത്തിനും ശാന്തിക്കു വേണ്ടി വാദിച്ചിരുന്ന വ്യക്തിത്വമാണ്. ചെറുപ്പം മുതലേ ഭാരതീയര്‍ക്ക് സുപരിചിതയായ അവരുടെ നാമം ഏവരേയും ആവേശം കൊള്ളിക്കുന്നു". സുമിത റോയ് പറയുന്നു.

അന്താരാഷ്ട്ര തലത്തില്‍ സമാധാനം സൃഷ്ടിക്കുവാന്‍ ശ്രമിച്ച വ്യക്തിത്വമാണ് കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെന്നും ഇതിനാല്‍ റാലിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സമാധാനത്തിനായി യത്‌നിക്കുമെന്നും അധ്യാപികയായ മാനില സഹായി പറഞ്ഞു. രാഷ്ട്രത്തിന്റെ പുരോഗതിക്ക് സമാധാനം അത്യാവശ്യമാണെന്നും കുട്ടികളിലേക്ക് മദര്‍ തെരേസയുടെ ജീവിത സന്ദേശം എത്തുമ്പോള്‍ അവര്‍ക്ക് സമാധാനത്തിന്റെ ആഴമായ അര്‍ത്ഥങ്ങള്‍ മനസിലാകുമെന്നും മാനില കൂട്ടിച്ചേര്‍ത്തു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ആഘോഷങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക