Meditation. - September 2024

ജീവിതത്തിലെ സഹനങ്ങള്‍ ക്രിസ്തുവിന്റെ രക്ഷാകരപദ്ധതിയില്‍ പങ്കുചേരാനുള്ള ഉത്തമ മാര്‍ഗ്ഗം

സ്വന്തം ലേഖകന്‍ 13-09-2023 - Wednesday

"നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു" (കൊളോസോസ് 1:24).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 13

രോഗികളോടും വേദന അനുഭവിക്കുന്ന സകലരോടും നമ്മുടെ കര്‍ത്താവ് കാണിക്കുന്ന പ്രത്യേക സ്‌നേഹത്തിന്റേയും കരുതലിന്റേയും ഉദാഹരണങ്ങള്‍ സുവിശേഷങ്ങളിലെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ സാധിയ്ക്കും. കഷ്ടത അനുഭവിച്ചവരെ ഈശോ ഏറെ സ്‌നേഹിച്ചിരുന്നു. ഈ മനോഭാവം അവിടുന്ന് തന്റെ സഭയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. രോഗികളെ സ്‌നേഹിക്കുക എന്നത് സഭ ക്രിസ്തുവില്‍ നിന്നും പഠിച്ച ഒന്നാണ്. തന്റെ പീഡാനുഭവങ്ങളിലൂടെയും മരണത്തിലൂടെയും യേശു സകല മാനുഷിക കഷ്ടതയും സ്വയം ഏറ്റെടുത്ത്, അതിന് ഒരു പുതിയ മൂല്യം നല്‍കി. വാസ്തവത്തില്‍, ലോകത്തിന്റെ രക്ഷയ്ക്കായുള്ള പ്രവര്‍ത്തിയില്‍ അവനോട് കൂട്ടുചേരാനാണ് രോഗികളെയും കഷ്ടത അനുഭവിക്കുന്നവരെയും യേശു ക്ഷണിക്കുന്നത്.

ഇക്കാരണത്താല്‍, വേദനയും സങ്കടവും സഹിക്കുന്നത് തനിച്ചോ, വൃഥാവിലോ അല്ല. കഷ്ടത മനസ്സിലാക്കാന്‍ പ്രയാസമുള്ളതാണെങ്കിലും, അതിന്റെ വില, നിത്യജീവനുമായി ബന്ധപ്പെട്ടതാണെന്ന് യേശു വ്യക്തമാക്കുന്നുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിങ്ങളുടെ കഷ്ടത മുഖേന, നിങ്ങള്‍ യേശുവിനെ അവന്റെ രക്ഷാകര പ്രവര്‍ത്തിയില്‍ സഹായിക്കുകയാണ്. ഈ വലിയ സത്യം കൃത്യമായി പ്രകടിപ്പിക്കാന്‍ പ്രയാസമാണ്; പക്ഷേ, അത് വിശുദ്ധ പൗലോസ് പ്രകടിപ്പിക്കുന്നത് ഇപ്രകാരമാണ്: "നിങ്ങളെ പ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു" (കൊളോസോസ് 1:24).

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, നോക്ക്, 30.9.79).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »