Daily Saints.

0: September 28 : വിശുദ്ധ വെന്‍സെസ്ലാവൂസ്

സ്വന്തം ലേഖക 27-09-2015 - Sunday

ബോഹേമിയയിലെ ഒരു ഉയര്‍ന്ന നാടുവാഴിയായിരുന്ന വിശുദ്ധ വെന്‍സെസ്ലാവൂസ് ബൊഹേമിയയിലെ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) പ്രേഗ് എന്ന സ്ഥലത്ത് ഏതാണ്ട് 907ല്‍ ആണ് ജനിച്ചത്. വിശുദ്ധന്റെ ചെറുപ്പകാലത്ത് തന്നെ അദ്ദേഹത്തിന്റെ പിതാവ് ഒരുയുദ്ധത്തില്‍ കൊല്ലപ്പെട്ടു. രാജ്യഭരണം വിഗ്രഹാരാധകയായിരുന്ന അദ്ദേഹത്തിന്റെ അമ്മയുടെ കൈകളില്‍ എത്തിച്ചേര്‍ന്നു.

തന്റെ അമ്മൂമ്മയും വിശുദ്ധയുമായ ലുട്‌വില്ല വിശുദ്ധ വഴിയാണ് അദ്ദേഹത്തിന് വിദ്യാഭ്യാസം ലഭിച്ചത്. നല്ല ഒരു ക്രിസ്ത്യാനി മാത്രമല്ല നല്ല ഒരു ഭരണകര്‍ത്താവായിരിക്കുവാനും വിശുദ്ധ അദ്ദേഹത്തെ പഠിപ്പിച്ചു. വെന്‍സെസ്ലാവൂസ് രാജ്യഭരണം ഏറ്റെടുക്കുന്നതിനു മുന്‍പ് തന്നെ വിഗ്രഹാരാധകരായ മറ്റ് പ്രഭുക്കള്‍ അമ്മൂമ്മയെ വധിച്ചെങ്കിലും അഗാധവും ശക്തവുമായ ഒരു ക്രിസ്തീയ വിശ്വാസം അദ്ദേഹത്തില്‍ ഉളവാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.

തന്റെ ജീവിതകാലം മുഴുവനും കറപുരളാത്ത ഒരു ജീവിതം നയിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നാടുവാഴിയായിരുന്നതിനാല്‍ അദ്ദേഹം തന്റെ പ്രജകള്‍ക്ക് പിതാവിനു പോലെയും, അനാഥരോടും, വിധവകളോടും, പാവപ്പെട്ടവരോടും കാരുണ്യമുള്ളവനായിരുന്നു.തന്റെ സ്വന്തം ചുമലില്‍ വിറക് ചുമന്ന്‍ പാവപ്പെട്ടവരുടെ വീടുകളില്‍ അദ്ദേഹം വിറക് എത്തിക്കുമായിരുന്നു. പാവപ്പെട്ടവരുടെ മരണാനന്തരശുശ്രൂഷകളില്‍ പങ്കെടുക്കുക കൂടാതെ തടവുപുള്ളികളെ മോചിപ്പിക്കുക തടവറകളില്‍പീഡനം അനുഭവിക്കുന്നവരെ സന്ദര്‍ശിക്കുക എന്നിങ്ങനെ പല നല്ല പ്രവര്‍ത്തികളും അദ്ദേഹം ചെയ്തിരുന്നു.

ക്രിസ്തീയ പുരോഹിതന്മാരോട് വളരെയേറെ ബഹുമാനം അദ്ദേഹം പുലര്‍ത്തിയിരുന്നു. വിശുദ്ധ കുര്‍ബ്ബാനക്കുപയോഗിച്ചിരുന്ന അപ്പത്തിനുള്ള ഗോതമ്പ് സ്വയം വിതക്കുകയും വീഞ്ഞ് സ്വയം തയ്യാറാക്കുകയും ചെയ്യുമായിരുന്നു. കൊടും ശൈത്യത്തില്‍ നഗ്നപാദനായി മഞ്ഞിലൂടെ നടന്നു പള്ളിയില്‍ പോകുന്നത് മൂലം അദ്ദേഹത്തിന്‍റെ പാദങ്ങള്‍ പൊട്ടി രക്തമോഴുകുക പതിവായിരുന്നു.

പിതാവിന്‍റെ സിംഹാസനത്തില്‍ അവരോധിതനാകുമ്പോള്‍ വെന്‍സെസ്ലാവൂസിന് പ്രായം 18 വയസ്സായിരുന്നു. മറ്റുള്ളവരുടെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ സഭയുമായി ഒത്തുചേര്‍ന്ന് ധാരാളം വിഗ്രഹാരാധകരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. കൃസ്തീയരെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കുകയും ധാരാളം പള്ളികള്‍ പണിയുകയും നാടുകടത്തപ്പെട്ട പുരോഹിതരെ തിരിച്ചു വിളിക്കുകയും ചെയ്തു. അനുകമ്പയിലൂന്നിയ ഭക്തിപുരസ്സരമായ ക്രിസ്തീയ ജീവിതത്തിന്‍റെ ഒരു നല്ല മാതൃക നല്‍കിയത് വഴി അദ്ദേഹത്തിന്‍റെ ജനങ്ങള്‍ക്കിടയില്‍ ബോഹേമിയയിലെ ‘നല്ല രാജാവ്’ എന്ന പേരില്‍ വിളിക്കപ്പെട്ടു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വിശുദ്ധന്റെ സഹോദരനായ ബൊലെസ്ലാവൂസ് വിഗ്രഹരാധകനായി മാറി. ഒരുദിവസം ഇദ്ദേഹം വെന്‍സെസ്ലാവൂസിനെ ഒരു വിരുന്നിനു ക്ഷണിച്ചു. അടുത്ത ദിവസം രാവിലെ അതായത് 929 സെപ്റ്റംബര്‍ 28ന് വെന്‍സെസ്ലാവൂസ് വിശുദ്ധ കുര്‍ബ്ബാനക്കായി പോകുന്ന വഴി പള്ളിയുടെ പടിവതിക്കല്‍വച്ച് ബൊലെസ്ലാവൂസ് വിശുദ്ധനെ പിറകില്‍നിന്നുമടിച്ചുവീഴ്ത്തി.

മരിക്കുന്നതിന്‌ മുമ്പ് വിശുദ്ധന്‍ തന്റെ സഹോദരന്റെ ആത്മാവിനോട് കരുണ കാണിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. രാഷ്ട്രീയ കാരണങ്ങള്‍കാരണമാണ് വിശുദ്ധന്‍ കൊല്ലപ്പെട്ടതെങ്കിലും വിശ്വാസത്തോട് ബന്ധപ്പെട്ട വഴക്കാണ് ഇതിനുള്ള മൂലകാരണമെന്നതിനാല്‍ സഭയുടെ രക്തസാക്ഷികള്‍ക്കിടയിലാണ് വിശുദ്ധന്റെ സ്ഥാനം. തന്റെ 22മത്തെ വയസ്സില്‍ വധിക്കപ്പെട്ട ഈ രാജാവ് ചെക്ക്റിപ്പബ്ലിക്കിന്റെ ദേശീയ നായകനും മാധ്യസ്ഥനുമാണ്. ഇദ്ദേഹമാണ് ‘സ്ലാവ്’ ജനതകല്‍ക്കിടയില്‍നിന്നും നാമകരണം ചെയ്യപ്പെട്ട ആദ്യ വിശുദ്ധന്‍.


Related Articles »