News

ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പായിരിന്ന മാര്‍ പീറ്റര്‍ ലിയോ ഗെരിറ്റി കാലം ചെയ്തു

സ്വന്തം ലേഖകന്‍ 22-09-2016 - Thursday

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മുന്‍ ആര്‍ച്ച് ബിഷപ്പും ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പുമായിരിന്ന പീറ്റര്‍ ലിയോ ഗെരിറ്റി കാലം ചെയ്തു. 104 വയസായിരിന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ആര്‍ച്ച് ബിഷപ്പ് കാലം ചെയ്തത്. മൃതസംസ്കാര ശുശ്രൂഷകള്‍ എന്നു നടത്തുമെന്ന് തീരുമാനിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് തന്റെ പൗരോഹിത്യത്തിന്റെ 77-ാം വാര്‍ഷികവും, ബിഷപ്പായതിന്റെ 50-ാം വാര്‍ഷികവും ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ലിയോ ആഘോഷിച്ചത്.

ലിറ്റില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ദ പൂവര്‍ കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകള്‍ നടത്തുന്ന സെന്റ് ജോസഫ് ഹോമിലായിരുന്നു ബിഷപ്പ് തന്റെ അവസാനകാലം ചെലവഴിച്ചത്. 12 വര്‍ഷക്കാലം ന്യൂയോര്‍ക്ക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന അദ്ദേഹം നിരവധി പുരോഗമനപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു.

1912-ല്‍ കണക്റ്റികട്ട് പട്ടണത്തിലാണ് ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ലിയോ ജനിച്ചത്. ഫുട്‌ബോള്‍ കളിയില്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരിന്ന അദ്ദേഹം വിവിധ ജോലികള്‍ ചെയ്തതിന് ശേഷമാണ് സെമിനാരിയില്‍ ചേര്‍ന്ന് വൈദികനാകുവാന്‍ തീരുമാനിച്ചത്. ഇത്തരം ജീവിത അനുഭവങ്ങള്‍ പൗരോഹിത്യ ശുശ്രൂഷകളില്‍ ജനങ്ങളോട് ചേര്‍ന്ന് നിന്നു പ്രവര്‍ത്തിക്കുവാന്‍ ആര്‍ച്ച് ബിഷപ്പിന് ഊര്‍ജമായി. 27 വര്‍ഷം ഇടവകകളില്‍ വൈദികനായി സേവനം ചെയ്ത പീറ്റര്‍ ലിയോ, കുടിയേറ്റ മേഖലകളിലേക്ക് തന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ആഫ്രിക്കന്‍ അമേരിക്കകാര്‍ക്കായി ദൈവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

കുടിയേറ്റ മേഖലകളില്‍ ഫ്രഞ്ച് ഭാഷയ്ക്കുള്ള സ്വാധീനം മനസിലാക്കിയ ആര്‍ച്ച് ബിഷപ്പ്, ഭാഷ പഠിക്കുകയും ജനങ്ങളോട് കൂടുതല്‍ ആശയവിനിമയം നടത്തുകയും ചെയ്തു. 1966-ല്‍ പോര്‍ട്ട് ലാന്റിന്റെ ബിഷപ്പായ പീറ്റര്‍ ലിയോ, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ രൂപതാ തലത്തില്‍ നടപ്പില്‍ വരുത്തുന്നതിനായി അക്ഷീണം പ്രയത്‌നിച്ചു. 1974-ല്‍ ആണ് അദ്ദേഹം ന്യൂയോര്‍ക്ക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റത്. വിയറ്റ്‌നാം യുദ്ധത്തിനെതിരെ നിരവധി സമരങ്ങള്‍ ആര്‍ച്ച് ബിഷപ്പ് പീറ്ററിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.

തന്റെ കീഴിലുള്ള വിശ്വാസ സമൂഹത്തിന്റെ ആത്മീയ ആവശ്യങ്ങളെ ശരിയായി മനസിലാക്കിയ അദ്ദേഹം അവരുടെ സാമൂഹിക ജീവിതത്തിലും ഇടപെടലുകള്‍ നടത്തി. അതിരൂപതയുടെ സാമ്പത്തിക പ്രതിസന്ധികളുടെ സമയത്തും അദ്ദേഹം സ്‌കൂളുകളും ആശുപത്രികളും മികച്ച രീതിയില്‍ നടത്തി കൊണ്ടു പോയിരിന്നു. ആഫ്രിക്കന്‍ അമേരിക്കകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ടിരുന്ന ആര്‍ച്ച് ബിഷപ്പ്, സഭയിലെ വനിതകളുടെ സ്ഥാനത്തെ കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും ഏറെ വാദിച്ചിരിന്നു.

സഭാ ശുശ്രൂഷകളില്‍ വനിതകളുടെ ദൗത്യമെന്താണെന്ന് അവര്‍ക്ക് മനസിലാക്കി നല്‍കുവാന്‍ ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ ഇടയലേഖനം ശ്രദ്ധേയമായിരിന്നു. കത്തോലിക്ക സഭയില്‍ നിന്നും പുറത്തേക്ക് പോയ വിശ്വാസികളെ തിരികെ കൊണ്ടുവരുന്നതിലും ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ലിയോ കഠിന പരിശ്രമം നടത്തി. 1986-ല്‍ ആണ് ബിഷപ്പ് പീറ്റര്‍ ലിയോ ഗെരിറ്റി വിരമിച്ചത്. 1989 വരെ അദ്ദേഹം തന്റെ ചുമതലകളില്‍ സജീവമായിരിന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക